മാപ്രാണത്ത് നിയന്ത്രണം വിട്ട ഡെലിവറി വാൻ ബസ്സ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ കർഷകതൊഴിലാളി മരിച്ചു..
ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ഡെലിവറി വാൻ ബസ്സ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ കർഷകതൊഴിലാളി മരിച്ചു. തമിഴ്നാട് ആരവൂർ മേള തെരുവിൽ പായിത്തഞ്ചേരി ഗോപാൽ മകൻ കുപ്പുസ്വാമി (58) ആണ് മരിച്ചത്. മാപ്രാണം കോന്തിപുലത്തിനടുത്ത് മൂന്ന് മണിയോടെയായിരുന്നു അപകടം. പറപ്പൂക്കര ഭാഗത്ത് നിന്ന് വന്ന ഡെലിവറി വാനാണ് നിയന്ത്രണം വിട്ട് ബസ്സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയത്. സംഭവസ്ഥലത്ത് വച്ച് തന്നെ കുപ്പുസ്വാമി മരിച്ചു. കൂടെ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി തന്നെയായ കർഷക തൊഴിലാളി ബാലനെ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കോന്തിപുലം പാടശേഖരങ്ങളിലെ തൊഴിലാളികളായ ഇരുവരും പണിക്കിടയിൽ ചായ കുടിച്ച് സ്റ്റോപ്പിൽ വിശ്രമിക്കുമ്പോൾ ആയിരുന്നു അപകടം.പണികൾക്കായി തമിഴ്നാട്ടിൽ നിന്ന് ഇരുവരും എത്തിയിട്ട് അധികം നാളായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.