ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകാൻ ഇനിയും കാത്തിരിക്കണം; നിർമ്മാണ പ്രവ്യത്തികൾ അടിയന്തരമായി പൂർത്തികരിക്കാൻ നിർദ്ദേശം നല്കി മന്ത്രി ഡോ. ആർ ബിന്ദു;സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും വിമർശനം..
ഇരിങ്ങാലക്കുട: കോടികൾ ചിലവഴിച്ച് താലൂക്ക് ആശുപത്രിക്കായി നിർമ്മിച്ച കെട്ടിടം പൂർണ്ണമായും പ്രവർത്തനസജ്ജമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി. സംസ്ഥാന സർക്കാരിൻ്റെ മിഷൻ 676 പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ കുടുംബക്ഷേമവകുപ്പിൻ്റെ 2013-14 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിനാണ് ഈ ഗതികേട്. രണ്ട് ഘട്ടങ്ങളിലായി കെട്ടിട നിർമ്മാണം പൂർത്തീകരിക്കാനായിരുന്നു പദ്ധതി. 2016 ൽ നിർമ്മാണം ആരംഭിച്ച് 2019 ൽ ആദ്യ മൂന്ന് നിലകളുടെ നിർമ്മാണം 8 കോടി രൂപ ചിലവഴിച്ച് പൂർത്തീകരിച്ചുമെങ്കിലും അന്തിമ ജോലികൾ ബാക്കിയായതും ലിഫ്റ്റും അഗ്നി സുരക്ഷ സംവിധാനങ്ങളും ഇല്ലാത്തതുമാണ് തിരിച്ചടിയായത്. ആദ്യ മൂന്ന് നിലകളിലായി റിസപ്ഷനും സ്റ്റോറും ഫാർമസിയും ലാബും എക്സറേയും 18 ഒപി മുറികളും മെഡിക്കൽ ഐസിയുവും ഓരോ നിലകളിലും കോണി മുറികളും ലിഫ്റ്റ് മുറിയുമൊക്കെയാണ് വിഭാവനം ചെയ്തിരുന്നത്.ആദ്യഘട്ട വികസനത്തിൻ്റെ പൂർത്തികരണത്തിനും അവശേഷിച്ച മൂന്ന് നിലകളുടെ നിർമ്മാണ പൂർത്തീകരണത്തിനുമായി പന്ത്രണ്ട് കോടി രൂപയുടെ പദ്ധതി നബാർഡിൽ സമർപ്പിച്ച് സാങ്കേതിക അനുമതിക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പ്.മെഡിസിൻ അടക്കമുള്ള ഒപികളും കോവിഡ് പരിശോധനകളും വാക്സിനേഷനുമാണ് ഇപ്പോൾ കെട്ടിടത്തിൽ നടത്തി വരുന്നത്. കെട്ടിട നിർമ്മാണത്തിനായുള്ള സിംഗിൾ ഫേസ് കണക്ഷൻ ഉപയോഗിച്ചത് ഫാനുകളും ലൈറ്റുകളും പ്രവർത്തിപ്പിക്കുന്നത്.
കെട്ടിടനിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇത് സംബന്ധിച്ച് താലൂക്ക് ആശുപത്രിയിൽ ചേർന്ന യോഗത്തിൽ എംഎൽഎ യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. സാങ്കേതിക കാര്യങ്ങളുടെ പേരിൽ കോടികൾ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം പൂർണ്ണമായ അർത്ഥത്തിൽ ഉപയോഗിക്കാൻ കഴിയാതെ വരുന്നത് മോശമാണെന്നും സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടലുകൾ നടത്താൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും രോഗികളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ തന്നെ ,ആശുപത്രിയുടെ മറ്റ് ആവശ്യങ്ങൾക്കായി കെട്ടിടം സജ്ജീകരിക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പന്ത്രണ്ട് കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി നേടിയെടുക്കാനുള്ള ഇടപെടലുകൾ നടത്താമെന്നും മന്ത്രി ഉറപ്പ് നല്കി.നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി, വൈസ് – ചെയർമാൻ പി ടി ജോർജ്ജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സൻ പാറേക്കാടൻ, ആശുപത്രി സൂപ്രണ്ട് ഡോ. മിനി മോൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ബിജി പി വി, എൻ വി ആൻ്റണി, ദീപ വി ആർ, ഓവർസീയർ അജിത ,ആശുപത്രിയിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.