ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ” സവിഷ്ക്കാര”ക്ക് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി; ഭിന്നശേഷി സഹോദരങ്ങൾക്ക് സ്വതന്ത്ര്യവും സ്വയം പര്യാപ്തവുമായ ജീവിതം ഉറപ്പാക്കാൻ സമൂഹം മുന്നോട്ട് വരണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു..
ഇരിങ്ങാലക്കുട: ഭിന്നശേഷി സഹോദരങ്ങളുടെ ശാരീരികവും മാനസികവുമായ പരിമിതികളെ മറികടക്കാൻ ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിച്ച് വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടനയായ തവനീഷിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി നടത്തുന്ന ” സവിസ്ക്കാര ” കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ കൂടുതൽ അവസരങ്ങൾ നല്കി ഭിന്നശേഷി സഹോദരങ്ങൾക്ക് സ്വതന്ത്ര്യവും സ്വയംപര്യാപ്തവുമായ ജീവിതം നല്കാൻ എവരും മുന്നോട്ട് വരേണ്ടതുണ്ട് .കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു.രാജ്യത്തെ ആദ്യത്തെ വീൽചെയർ ടെലിവിഷൻ അവതാരക രാജേശ്വരി എൻ വി മുഖ്യാതിഥി ആയിരുന്നു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, വൈസ് – പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു, കൗൺസിലർ ജെയ്സൻ പാറേക്കാടൻ, പ്രൊഫ. മൂവിഷ് മുരളി തുടങ്ങിയവർ സംസാരിച്ചു. നാല് ജില്ലകളിൽ നിന്നായി 250 ഓളം കുട്ടികളാണ് പരിപാടികളിൽ പങ്കെടുന്നത്.