സിപിഎം ഇരിങ്ങാലക്കുട എരിയ സമ്മേളനം; ചർച്ചകളിൽ നിറഞ്ഞ് കരുവന്നൂർ ബാങ്ക്; നിക്ഷേപകർക്ക് പണം തിരിച്ച് നല്കാനും സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാനും നടപടികൾ വേണമെന്ന ആവശ്യമുന്നയിച്ച് സമ്മേളന പ്രതിനിധികൾ..

സിപിഎം ഇരിങ്ങാലക്കുട എരിയ സമ്മേളനം; ചർച്ചകളിൽ നിറഞ്ഞ് കരുവന്നൂർ ബാങ്ക്; നിക്ഷേപകർക്ക് പണം തിരിച്ച് നല്കാനും സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാനും നടപടികൾ വേണമെന്ന ആവശ്യമുന്നയിച്ച് സമ്മേളന പ്രതിനിധികൾ..

ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക്
സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ
വിമർശനവുമായി സിപിഎമ്മിന്റെ
എരിയ സമ്മേളനം. വിഷയത്തിൽ പാർട്ടി
സ്വീകരിച്ച നടപടികളെ
അംഗീകരിക്കുന്നുണ്ടെങ്കിലും നടപടികൾ
സ്വീകരിക്കുന്നതിൽ വന്ന വീഴ്ച
ബാങ്കിനെ കൂടുതൽ
പ്രതിസന്ധിയിലാക്കിയെന്ന് സമ്മേളന
പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ബാങ്ക്
നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം
കാണുകയും നിക്ഷേപകർക്ക് പണം
തിരിച്ച് നല്കാനുള്ള നടപടികളും
സ്വീകരിക്കണം. വിഷയം സഹകരണ
മേഖലയുടെ വിശ്വാസ്യതയെ
ബാധിച്ചിരിക്കുകയാണെന്നും പുതിയ
നിക്ഷേപങ്ങൾ അധികം വരുന്നില്ലെന്നും
സമ്മേളന പ്രതിനിധികൾ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷം
മണ്ഡലത്തിൽ നടത്തിയ വികസന
പ്രവർത്തനങ്ങൾ നിയമസഭ
തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തിട്ടുണ്ട്.
എംഎൽഎയും ഉന്നത വിദ്യാഭ്യാസ
വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു
നടത്തുന്ന ഇടപെടലുകൾക്ക് സമ്മേളന
പ്രതിനിധികളിൽ നിന്ന് അനുകൂല
പ്രതികരണങ്ങൾ ഉണ്ടായി.
വർഗ്ഗ ബഹുജന സംഘടനകളുടെ
പ്രവർത്തനവും പാലിയേറ്റീവ് രംഗത്തെ
പ്രവർത്തനങ്ങളും
ശക്തിപ്പെടുത്തണമെന്നും അഭിപ്രായം
ഉയർന്നു.
ഉച്ചക്ക് മൂന്നരയോടെയാണ്
ചർച്ചകൾ ആരംഭിച്ചത്. നാളെ രാവിലെ
ചർച്ചകൾ തുടരും. ഉച്ചക്ക് ശേഷം എരിയ
കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും
ജില്ല സമ്മേളന പ്രതിനിധികളുടെ
തിരഞ്ഞെടുപ്പും നടക്കും.എടതിരിഞ്ഞി
എച്ച്ഡിപി ഹാളിൽ നടക്കുന്ന
സമ്മേളനത്തിൽ 22 എരിയ കമ്മിറ്റി
അംഗങ്ങൾ അടക്കം 167 പേരാണ് 14
ലോക്കൽ കമ്മിറ്റികളിൽ നിന്നായി
പങ്കെടുക്കുന്നത്. രാവിലെ സംസ്ഥാന
കമ്മിറ്റിയംഗം എൻആർ ബാലൻ
സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ
സെക്രട്ടറിയേറ്റംഗങ്ങളായ പി കെ
ഡേവീസ് മാസ്റ്റർ, കെ കെ രാമചന്ദ്രൻ
എംഎൽഎ, മന്ത്രി ആർ ബിന്ദു എന്നിവർ
യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Please follow and like us: