ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് യുവാവ് മരിച്ചു;ഒരാള്‍ ഗുരുതരാവസ്ഥയില്‍…
ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ച് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന് നിശാന്ത് (43) ആണ് മരിച്ചത്. ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന് മകന് ബിജു (42) വിനെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് പത്തു മണിയോടെയാണ് സംഭവം. നിശാന്തും ബിജുവും ഒരുമിച്ച് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നിശാന്തിന്റെ കടയില്‍ വച്ച് മദ്യം കഴിച്ചിരുന്നു. ശേഷം ഠാണാ ജംഗ്ഷനിലേക്ക് ബൈക്കില്‍ വരുന്ന വഴി മെയിന്‍ റോഡില്‍ മുന്‍സിഫ് കോടതിക്കു സമീപത്തുവച്ച് നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നിശാന്ത് മരണപ്പെട്ടിരുന്നു.
ഗുരുതരാവസ്ഥയിലായ ബിജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചാരായത്തിന്റെ മണമുള്ള വെള്ള നിറത്തിലുള്ള മദ്യമാണ് കഴിച്ചിരിക്കുന്നതെന്നും മറ്റു വിവരങ്ങള്‍ ലാബിലെ പരിശോധനക്കു ശേഷമേ വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.പി. സുധീരന് പറഞ്ഞു. ഇവർ കഴിച്ചിരുന്ന മദ്യത്തിന്റെ ബാക്കിയും രണ്ടു ഗ്ലാസും പോലീസ് കണ്ടെടുത്തു. നിശാന്തിന്റെ മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. ഭാര്യ: സിനി. മക്കള്‍-ഗോഡ്വിന്, ഗോഡ്സണ്‍, ഗിഫ്റ്റി.