ഇരിങ്ങാലക്കുട രൂപതയിലെ ഭൂരിപക്ഷം ഇടവകപള്ളികളിലും നടന്നത് ജനാഭിമുഖ കുർബാന തന്നെ; സിനഡ് തീരുമാനം നടപ്പിലാക്കണമെന്നും വൈദികനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ബിഷപ്പ് ഹൗസിൽ കടുപ്പശ്ശേരി പള്ളി വിശ്വാസികളുടെ സമരം…
ഇരിങ്ങാലക്കുട: രൂപതയിലെ ഭൂരിപക്ഷം ഇടവകകളിലും ഇന്ന് നടന്നത് ജനാഭിമുഖകുർബാന തന്നെ. സിനഡ് തീരുമാനപ്രകാരമുള്ള നവീകരിച്ച കുർബാനക്രമം ഇന്ന് മുതൽ നിലവിൽ വരുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇടവകവികാരിമാരുടെയും ഇടവക പ്രതിനിധികളുടെയും അഭിപ്രായം മാനിച്ച് നിലവിലുള്ള ജനാഭിമുഖ കുർബാന തുടരാൻ അനുവദിച്ച് കൊണ്ട് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കഴിഞ്ഞ ദിവസം വൈകീട്ട് ഉത്തരവിറക്കിയിരുന്നു. നവീകരിച്ച കുർബാന രീതി രൂപതയിൽ ഇന്ന് കൊറ്റനെല്ലൂർ ,ചായ്പൻകുഴി, കൂടപ്പുഴ ഇടവക പള്ളികളിൽ മാത്രമാണ് നടപ്പിലാക്കിയതെന്നാണ് വ്യക്തമായിരിക്കുന്നത്.ആകെ 137 ഇടവകകളാണ് രൂപതയുടെ കീഴിലുള്ളത്.
അതേ സമയം സിനഡ് തീരുമാനപ്രകാരമുള്ള കുർബാന പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കടുപ്പശ്ശേരി സേക്രഡ് ഹാർട്ട് പള്ളിയിൽ ഒരു വിഭാഗം വിശ്വാസികൾ രാവിലെ വൈദികനെ തടഞ്ഞ് വച്ചു. തുടർന്ന് എട്ടരയോടെ വൈദികൻ ഫാ. ജെയ്സൻ കുടിയിരിക്കലിനെ മാറ്റണമെന്നും എകീകരിച്ച കുർബാന രീതി കടുപ്പശ്ശേരി പള്ളിയിൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് രൂപത ആസ്ഥാനത്ത് സമരം ആരംഭിച്ചു. ആറ് മുൻ കൈക്കാരൻമാരും നാല് കമ്മിറ്റി അംഗങ്ങളും സ്ത്രീകളുമടക്കം മുപ്പതോളം പേരാണ് ബിഷപ്പ് ഹൗസിൽ രാത്രിയും സമരം തുടരുന്നത്. ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പ് ഹൗസിലെ ഷെഡ്ഡിൽ ഭക്ഷണം പാകം ചെയ്ത് കഴിച്ച് രാത്രി ഇവിടെ തന്നെ ചിലവഴിക്കുമെന്നും ഇവർ അറിയിച്ചു.