ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തിൻ്റെ അകമ്പടിയോടെ കൂടൽമാണിക്യം മ്യൂസിയത്തിൻ്റെ വാർഷികാഘോഷം; നാടിൻ്റെ ബഹുസ്വരതകളെയും വൈജാത്യങ്ങളെയും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു: ഡോ. രാഘവവാരിയർക്ക് എതിരെയുള്ള പ്രതിഷേധം പ്രഹസനമെന്നും മന്ത്രി…
ഇരിങ്ങാലക്കുട : പ്രതിഷേധത്തിൻ്റെ അകമ്പടിയോടെ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ വാർഷികാഘോഷം.ക്ഷേത്രത്തിലെ അത്യപൂർവ്വമായ താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽ ഇമേജുകൾ ആക്കി സെർവറുകളിൽ സൂക്ഷിച്ച് സംരക്ഷിക്കുന്ന നടപടികൾക്ക് കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് തുടക്കം കുറിച്ചത്. ഇതിനകം 12000 ത്തോളം താളിയോലകൾ ഡിജിറ്റൽ ഇമേജുകളാക്കിക്കഴിഞ്ഞു. ദേവസ്വം ഓഫീസിൽ നടന്ന വാർഷികാഘോഷചടങ്ങിൽ ചരിത്രകാരനായ ഡോ. എം ആർ രാഘവവാരിയരെ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയാണ് രംഗത്ത് വന്നത്. ശബരിമലയിലെ വ്യാജ ചെമ്പോല നിർമ്മിതിയിൽ എം ആർ രാഘവവാരിയർക്ക് പങ്ക് ഉണ്ടെന്ന് ആരോപിച്ച് മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ പ്രതിഷേധ പരിപാടി ഐക്യവേദി ഭൗതിക പ്രമുഖ് വി സായ്റാം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സിദ്ധാർത്ഥൻ അധ്യക്ഷനായിരുന്നു. രാജീവ് ചാത്തംപ്പിള്ളി, ക്യപേഷ് ചെമ്മണ്ട, ഷൈജു കുറ്റിക്കാട്ട്,സന്തോഷ് ബോബൻ, സ്മിത കൃഷ്ണകുമാർ, സരിത സുഭാഷ്, ആർച്ച അനീഷ്, സഹജൻ, ടി ഡി സത്യദേവ് ,സതീഷ്, ബൈജു കൃഷ്ണദാസ് തുടങ്ങിയവർ നേത്യത്വം നല്കി.
ദേവസ്വം ഓഫീസിൽ നടന്ന വാർഷികാഘോഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.കാലഘട്ടത്തിൻ്റെ ചരിത്രവും കാഴ്ചപ്പാടുകളും സമാഹരിക്കുകയും സംരക്ഷിച്ച് പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്ന പ്രധാന ഉത്തരവാദിത്വമാണ് ദേവസ്വം എറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ ബഹുസ്വരതകളെയും വൈവിധ്യങ്ങളെയും ഉൾക്കൊണ്ടാണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. ഇരിങ്ങാലക്കുടയുടെ ചരിത്രം ആത്മീയതയുടെ ചരിത്രം മാത്രമല്ല, സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരങ്ങളുടേത് കൂടിയാണെന്നും മന്ത്രി പറഞ്ഞു. പണ്ഡിതനായ എം ആർ രാഘവവാരിയരെ വിമർശിച്ച് കൊണ്ട് നടത്തിയ ചില സംഘടനകൾ നടത്തിയ സമരം പ്രഹസനമാണെന്നും മന്ത്രി വിമർശിച്ചു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. കൈരളി ഗവേഷണ അവാർഡ് നേടിയ ഡോ. എം ആർ രാഘവവാരിയരേയും കലാമണ്ഡലം ഫെല്ലോഷിപ്പ് നേടിയ അമ്മന്നൂർ പരമേശ്വര ചാക്യാരെയും ചടങ്ങിൽ ആദരിച്ചു. ആർക്കൈവ്സ് ഉപദേശകസമിതിയംഗം അശോകൻ ചരുവിൽ പദ്ധതി സമർപ്പിച്ചു. ഡോ. രാജൻ ഗുരുക്കൾ മുഖ്യാതിഥി ആയിരുന്നു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ദേവസ്വം തന്ത്രിമാരുടെയും ജീവനക്കാരുടെയും മക്കൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ഡോ. ടി കെ നാരായണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ എ പ്രേമരാജൻ, എ വി ഷൈൻ, കെ ജി സുരേഷ്, എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു. ആർക്കൈവ്സ് ഡയറക്ടർ ഡോ. കെ രാജേന്ദ്രൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ സുഗീത എം നന്ദിയും പറഞ്ഞു.