ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ട്; അനധികൃതമായി നഗരസഭ പരിധിയിൽ മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതായി ഓഡിറ്റ് വിഭാഗത്തിൻ്റെ കണ്ടെത്തൽ..

ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ട്; അനധികൃതമായി നഗരസഭ പരിധിയിൽ മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതായി ഓഡിറ്റ് വിഭാഗത്തിൻ്റെ കണ്ടെത്തൽ..

ഇരിങ്ങാലക്കുട: ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നഗരസഭയുടെ 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്.നഗരസഭയിലെ വിവിധ വാർഡുകളിലായി ഒൻപത് മൊബൈൽ ടവറുകൾ അനധികൃതമായി പ്രവർത്തിച്ചു വരുന്നതടക്കമുള്ള ക്രമക്കേടുകളാണ് 2018 എപ്രിൽ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി 202‌0 ജൂൺ 25 ന് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അനധികൃതമായി സ്ഥാപിച്ചിട്ടുളള മൊബൈൽ ടവറുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട്, അനുമതി കൂടാതെ റിലയൻസ് ജിയോ കമ്പനി കേബിൾ സ്ഥാപിച്ചതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യാഥാർഥ്യബോധത്തോടെയല്ല ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് പ്രതീക്ഷിത വരവു ചിലവും യഥാർത്ഥ വരവു ചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടി റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. പല പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിട മുറികൾ പലതും ഒഴിഞ്ഞ് കിടക്കുകയാണെന്നും നഗരസഭ കെട്ടിടങ്ങൾ, മൈതാനം എന്നിവ വാടകയ്ക്ക് നൽകുന്നതിന് ബൈലോ തയ്യാറാക്കിയിട്ടില്ലെന്നും ബസ് സ്റ്റാൻ്റ്, കംഫർട്ട് സ്റ്റേഷൻ, കിഴക്കേ മാർക്കറ്റ്, പടിഞ്ഞാറെ മാർക്കറ്റ്, ഈവനിംഗ് മാർക്കറ്റ് ,ഗാന്ധിഗ്രാം ഗ്രൗണ്ട് എന്നിവയുടെ ലേല നടപടികൾ സുതാര്യമാക്കണമെന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നുണ്ട്.വിദ്യാർഥികൾക്കുള്ള സ്റ്റഡി റൂം പദ്ധതി നടത്തിപ്പിലെ അപാകതകളുടെ പേരിൽ 7,50,000 രൂപ തടസ്സപ്പെടുത്തിയിട്ടുണ്ട്.
സിഡ്കോയിൽ നിന്ന് 3710 രൂപയുടെ 151 ഓഷ്യൻ വാട്ടർ ടാങ്കുകൾ ടെണ്ടർ കൂടാതെ വാങ്ങിയതായും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച കരാർ വ്യവസ്ഥകളിലെ അവ്യക്തതകൾ ഉണ്ടെന്നും കരാർ ഷെഡ്യൂൾ പ്രകാരമുള്ള പ്രവ്യത്തി ചെയ്തതിൻ്റെ കണക്കുകൾ ഹാജരാക്കുന്നത് വരെ ചിലവ് തുകയായ 43,96,430 രൂപ തടസ്സപ്പെടുത്തുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. എത്ര തെരുവുവിളക്കുകൾ എന്നുള്ളതിന് വാർഡ് അടിസ്ഥാനത്തിൽ കണക്കുകൾ ഉള്ളതായി കാണുന്നില്ലെന്നും നഗരസഭക്ക് അനുകൂലമല്ലാത്ത വ്യവസ്ഥകൾ കരാറിൽ ചേർത്തതായി കാണുന്നുണ്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. 2012-13 വാർഷിക പദ്ധതിയിൽ 50 ലക്ഷം രൂപ വകയിരുത്തിയ സോളാർ പവർ പ്ലാൻ്റ് നിരന്തരമായി പ്രവർത്തനരഹിതമാണെന്നും പ്ളാൻ്റ് പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.മരാമത്ത് പ്രവൃത്തികളിലും അപാകതകൾ കണ്ടെത്തിയിട്ടുണ്ട്.
കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി റിപ്പോർട്ട് ചെയ്യണമെന്നും എടുത്ത തീരുമാനങ്ങളുടെ പകർപ്പ് പൊതുജനങ്ങളുടെ ശ്രദ്ധക്കായി പ്രസിദ്ധപ്പെടുത്തണമെന്നും രണ്ട് മാസത്തിനകം ഓഡിറ്റ് പരാമർശങ്ങളും തടസ്സങ്ങളും നീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ഓഡിറ്റ് വിഭാഗത്തിലേക്ക് അയച്ച് കൊടുക്കണമെന്നും ജില്ലാ ഓഡിറ്റ് കാര്യാലയത്തിൽ നിന്ന് ജോയിൻ്റ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

Please follow and like us: