ലക്ഷങ്ങൾ വിലമതിക്കുന്ന ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ച ചാലക്കുടി സ്വദേശി അറസ്റ്റിൽ..
ചാലക്കുടി: ലക്ഷങ്ങൾ വിലമതിക്കുന്ന ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ച ചാലക്കുടി വി ആർ പുരം സ്വദേശി പുതുപറമ്പിൽ വീട്ടിൽ ബിനു ( 35 ) എന്നയാളെ കൊരട്ടി സിഐ ബി.കെ . അരുണും സംഘവും അറസ്റ്റു ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്ക് ബിഎസ്എൻഎൽ എന്ന വ്യാജ ബോർഡ് വച്ച കാറിൽ മുരിങ്ങൂരിൽ വന്ന് ബാങ്കിനു സമീപം സൂക്ഷിച്ചിരുന്ന ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനായി ഉപയോഗിക്കുന്ന ഒരു ലക്ഷം വില വരുന്ന കേബിൾ റോൾ ടിപ്പർ ലോറിയിൽ കയറ്റി കൊണ്ടുപോയി പ്രതിയുടെ വീടിനു സമീപം സൂക്ഷിച്ചു വരികയായിരുന്നു പ്രതി.
കേബിൾ മോഷണം പോയതറിഞ്ഞ് ബിഎസ്എൻഎൽ എൻജിനിയർ കഴിഞ്ഞ ദിവസം കൊരട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് . മോഷണമുതൽ സ്ഥലത്തു നിന്നും കൊണ്ടുപോകാനായി ഉപയോഗിച്ച കാറ് , ജെസിബി ടിപ്പർ എന്നീ വാഹനങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഏതാനും നാളുകൾ മുമ്പ് ബിഎസ്എൻഎൽ വകുപ്പിൽ കരാർ ജീവനക്കാരനായി ജോലി ചെയ്തിരുന്ന പരിചയമാണ് ഇത്തരത്തിലൊരു മോഷണത്തിലേക്ക് തിരിഞ്ഞതെന്നും , മോഷ്ടിച്ച കേബിളിൽ നിന്നും ചെമ്പ് എടുത്ത് കോയമ്പത്തൂരിൽ കൊണ്ടുപോയി വിൽപ്പന നടത്താനായിരുന്നു പദ്ധതിയെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
സമാന രീതിയിൽ കേബിൾ മോഷണം നടന്നതായ കേസുകളെ പറ്റിയും തുടർന്ന് അന്വേഷണം നടത്തുമെന്ന് സിഐ പറഞ്ഞു.
അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ഷാജു എടത്താടൻ,
ഷിബു പോൾ, തോമസ്സ് എം വി പോലീസുകാരായ സജീഷ് കുമാർ, നിതീഷ് കെ എം, ജിബിൻ വർഗ്ഗീസ് എന്നിവരാണ് ഉണ്ടായിരുന്നത്.