12 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി ഉടുമ്പ് ബിനു പിടിയിൽ
ചാലക്കുടി:12 വർഷം മുൻപ് മുരിങ്ങൂരിലെ ഡിപോൾ ഷോപ്പ് രാത്രി പന്ത്രണ്ട് മണിക്ക് കുത്തിത്തുറന്ന് പണവും , ടെയ്ലറിംഗ് മെഷിനും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന കോട്ടയം പാല സ്വദേശി കുന്നേൽ വീട്ടിൽ ഉടുമ്പ് ബിനു എന്നറിയപ്പെടുന്ന ബിനു മാത്യു ( 40 ) എന്നയാളെ കൊരട്ടി സി ഐ ബി കെ അരുണും സംഘവും ഇടുക്കിയിൽ നിന്നും അറസ്റ്റു ചെയ്തു.
2009 ആഗസ്റ്റ് മാസം 27 തീയതിയാണ് കേസിനാസ്പദമായ മോഷണം നടന്നത്.
ഒന്നാം പ്രതി ബിനു മാത്യുവും കൂട്ടുപ്രതിയായ എറണാകുളം തോപ്പുംപടി സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ ഡിങ്കൻ എന്ന പേരിൽ അറിയപ്പെടുന്ന ഡിക്സൻ ( 42 ) എന്നയാളുമൊത്തായിരുന്നു മുരിങ്ങൂരിലെ കടകുത്തി തുറന്നത്.
മോഷണശേഷം ഒളിവിൽ പോയ പ്രതി ഇടുക്കിയിലെ ഉടുമ്പൻചോല എന്ന സ്ഥലത്ത് പേരും വിലാസവും മാറ്റി ഏലത്തോട്ടത്തിലെ മാനേജരായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
മോഷണ കേസുകൂടാതെ 2009 മെയ് മാസം തമിഴ്നാട് ദിണ്ഡിക്കൽ സ്വദേശി രാമസ്വാമിയെ ആക്രമിച്ച് പണം തട്ടിയെടുത്ത് കൊല്ലാൻ ശ്രമിച്ച കേസിലും പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു.
ബിനു മാത്യു ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വധശ്രമമടക്കം നരവധി കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഉയരം കൂടിയ മരത്തിലൂടെ കയറി കെട്ടിടങ്ങളുടെ മുകളിൽ നിന്നും താഴേക്കിറങ്ങി മോഷണം നടത്തുന്നതിൽ വിദഗ്ദ്ധനായതു കൊണ്ടാണ് ഉടുമ്പ് ബിനു എന്നറിയപെടുന്നത്.
പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ ഇടുക്കിയിൽ നിന്നും പിടികൂടിയത്.
22 വർഷം ഒളിവിൽ കഴിഞ്ഞ മധു എന്ന മോഷ്ടാവിനെ ഇക്കഴിഞ്ഞ മാസം പ്രത്യേക
അന്വേഷണ സംഘം പിടികൂടിയിരുന്നു .
അന്വേഷണ സംഘത്തിൽ എസ്ഐമാരായ ഷാജു എടത്താടൻ, ഷിബു പോൾ, എഎസ്ഐ മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒ മാരായ സജീഷ് കുമാർ , ജിബിൻ വർഗ്ഗീസ് എന്നിവരാണ് ഉണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.