മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ കീഴിൽ സഹകരണ പരിശീലന കേന്ദ്രം;സഹകരണമേഖലയിൽ കടന്നു കൂടിയ തെറ്റായ ചില പ്രവണതകൾ ആശങ്കാജനകമെന്ന് മന്ത്രി ഡോ. ആർ ബിന്ദു.
ഇരിങ്ങാലക്കുട: പ്രാദേശിക സാമ്പത്തിക വികസനത്തിൻ്റെ സമാനതകളില്ലാത്ത മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കേരളത്തിലെ സഹകരണ മേഖലയിൽ തെറ്റായ പ്രവണതകൾ കടന്ന് കൂടിയത് ആശങ്കാജനകമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുടയിൽ നിന്ന് തന്നെ ഉണ്ടായി എന്നത് വ്യസനപ്പിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു. ജനകീയപ്രസ്ഥാനങ്ങളെ തകർക്കുന്ന അപഭ്രംശങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നും സത്യസന്ധമായ പ്രവർത്തനങ്ങളിലൂടെ സഹകരണമേഖലയുടെ ഖ്യാതി വീണ്ടെടുക്കാനും തിളക്കം വർധിപ്പിക്കാനും കഴിയണമെന്നും മന്ത്രി പറഞ്ഞു.മുകുന്ദപുരം സർക്കിൾ സഹകരണയൂണിയൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന കോ- ഈഡൻ പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വനിതാ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നല്കാനും തൊഴിൽ അവസരങ്ങൾ സ്യഷ്ടിക്കാനും അഭ്യസ്തവിദ്യരായ യുവാക്കളെ പരിശീലങ്ങളിലൂടെ തൊഴിൽദായകരാക്കി മാറ്റാനും സഹകരണ മേഖലക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വനിതാ ഫെഡ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ കെ ആർ വിജയ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) ലളിതാംബിക ടി കെ, വാർഡ് കൗൺസിലർ അവിനാശ് ഒ എസ് എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ ഭരണസമിതി അംഗം ലളിത ചന്ദ്രശേഖരൻ സ്വാഗതവും സെക്രട്ടറി ഗ്ലോറിമോൾ കെ ബി നന്ദിയും പറഞ്ഞു.