കെഎസ്ഇ ലിമിറ്റഡിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാകോവിഡ് വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി; എട്ട് ദിവസങ്ങളിലായി വാക്സിൻ നൽകുന്നത് നാലായിരത്തോളം പേർക്ക്.
ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിൻ്റെ 2021-22 വർഷത്തെ സാമൂഹിക പ്രതിബദ്ധത പരിപാടികളുടെ ഭാഗമായി കെ എസ് പാർക്കിൽ സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി. രാവിലെ നടന്ന ചടങ്ങിൽ കമ്പനി മാനേജിംഗ് ഡയറക്ടർ അഡ്വ എ പി ജോർജ്ജ് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ എം പി ജാക്സൻ സ്വാഗതവും ജനറൽ മാനേജർ എം അനിൽ നന്ദിയും പറഞ്ഞു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെയായി നടക്കുന്ന ക്യാമ്പിലൂടെ നഗരസഭയിലെയും പടിയൂർ, പൂമംഗലം പഞ്ചായത്തുകളിലെയും നാലായിരത്തോളം പേർക്കാണ് കോവിഷീൽഡ് വാക്സിൻ നൽകുന്നത്. 30 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. 2021-22 വർഷത്തിൽ ഒന്നേകാൽ കോടി രൂപ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത പരിപാടികളുടെ ഭാഗമായി ചിലവഴിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.