കെഎസ്ഇ ലിമിറ്റഡിൻ്റെ നേത്യത്വത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ ഇരിങ്ങാലക്കുടയിൽ സൗജന്യവാക്സിനേഷൻ ക്യാംപ്; 2021-22 വർഷത്തിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഒന്നേകാൽ കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രഖ്യാപനം.
ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിൻ്റെ 2021-22 വർഷത്തെ സാമൂഹിക പ്രതിബദ്ധത പരിപാടികളിൽ ഉൾപ്പെടുത്തി സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ സൗജന്യ വാക്സിനേഷൻ ക്യാംപ് നടത്തുന്നു. നഗരസഭ, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിലെ മൂവായിരത്തോളം പേർക്കാണ് കെഎസ് പാർക്കിൽ വച്ച് വാക്സിൻ നല്കുന്നത്. 30 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. ഒന്നേകാൽ കോടിയുടെ പദ്ധതികളാണ് 2021-22 വർഷത്തിൽ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ അഡ്വ എ പി ജോർജ്ജ്, എക്സിക്യൂട്ടീവ് ഡയറക്ടർ എം പി ജാക്സൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 2020-21 വർഷത്തിൽ 98.4 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. കോവിഡ് പ്രതിന്ധികൾക്കിടയിലും കമ്പനിയുടെ വിറ്റുവരവ് 1428 കോടിയിൽ നിന്ന് 1543 കോടിയായി ഉയർന്നു. 76 കോടി രൂപ ചിലവിൽ പതിമൂന്നാമത് കാലിത്തീറ്റ നിർമ്മാണ യൂണിറ്റിന് പാലക്കാട് ചെമ്മനാംപതിയിൽ തറക്കല്ലിട്ടു കഴിഞ്ഞു. 2020-21 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി 1000 % ഡിവിഡൻ്റ് ഓഹരി ഉടമകൾക്ക് നല്കും.
കമ്പനിയുടെ വളർച്ചയിൽ നിർണ്ണായകമായ പങ്ക് വഹിച്ച അഡ്വ എ പി ജോർജ്ജ് സെപ്റ്റംബർ 30 ന് മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന് വിരമിക്കുകയാണെന്നും കെഎസ്ഇ അധികൃതർ അറിയിച്ചു.1994 മുതൽ കമ്പനിയുടെ ലീഗൽ അഡ്വൈസർ, 2015 മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ, 2018 മുതൽ മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് അഡ്വ എ പി ജോർജജ് വിരമിക്കുന്നത്. സെപ്റ്റംബർ 29 ന് ഓൺലൈനിൽ ചേരുന്ന വാർഷിക പൊതുയോഗം പുതിയ എംഡി, എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവരെ തിരഞ്ഞെടുക്കും.ജനറൽ മാനേജർ എം അനിൽ, ചീഫ് ഫൈനാൻസ് ഓഫീസർ ആർ ശങ്കരനാരായണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.