മൂന്നാം തരംഗത്തിന് മുന്നേ പ്രതിരോധം
തീർക്കാൻ മുരിയാട് പഞ്ചായത്തിന്റെ
ആയുർകിരണം; ആദ്യഘട്ടത്തിൽ
മരുന്നുകൾ വിതരണം ചെയ്തത്
അംഗൻവാടികളിലെ 250 കുട്ടികൾക്ക്.
ഇരിങ്ങാലക്കുട: കോവിഡ്
രോഗവ്യാപനത്തെ ചെറുക്കുന്നതിന്
കുട്ടികളിൽ രോഗപ്രതിരോധ ശേഷി
വർധിപ്പിക്കാൻ ആയുർകിരണം
പദ്ധതിയിലൂടെ മുരിയാട് പഞ്ചായത്ത്.
കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ
വ്യാപിക്കാനുള്ള സാധ്യതകൾ
കണക്കിലെടുത്താണ് പദ്ധതി
നടപ്പാക്കുന്നത്. ആയുർവേദ ചികിത്സാ
സാധ്യതകളെ
പ്രയോജനപ്പെടുത്തിയാണ് ആയുർ
കിരണം പദ്ധതി പഞ്ചായത്ത്
നടപ്പാക്കുന്നത്. സംസ്ഥാനത്ത് തന്നെ
ആദ്യമായാണ് ഇത്തരം പദ്ധതി
ആസൂത്രണം ചെയ്യുന്നത്.
ആദ്യഘട്ടത്തിൽ അങ്കണവാടി
കുട്ടികൾക്കാണ് പ്രതിരോധ മരുന്ന്
വിതരണം ചെയ്യുന്നത്.
അഗസ്ഥ്യരസായനം, വാസാരിഷ്ടം,
ചവനപ്രാശം തുടങ്ങിയ മൂന്ന്
മരുന്നുകൾ അടങ്ങിയ കിറ്റാണ് ഓരോ
കുട്ടിക്കും നൽകിയിട്ടുള്ളത്.
ഔഷധിയിൽ നിന്നാണ് മരുന്നുകൾ
ലഭ്യമാക്കിയിട്ടുള്ളത്. മുരിയാട്
ഗ്രാമപഞ്ചായത്തിലെ 25
അങ്കണവാടികളിലായി 250
കുട്ടികൾക്കാണ് മരുന്നുകൾ വിതരണം
ചെയ്തിട്ടുള്ളത്. ഐ സി ഡി എസ്
മുഖേനയാണ് അങ്കണവാടി കുട്ടികളുടെ
ലിസ്റ്റ് കണ്ടെത്തിയത്. തുടർന്ന്
അങ്കണവാടി ടീച്ചർമാരുടെ
സഹകരണത്തോടെ മരുന്നുകൾ
കുട്ടികൾക്ക് എത്തിച്ചു
നൽകുകയായിരുന്നു.
ഇതിന് പുറമെ മരുന്ന് വിതരണത്തിന്
മുൻപായി രക്ഷിതാക്കൾക്കായി
പ്രത്യേക ഓൺലൈൻ
ബോധവൽക്കരണ ക്ലാസുകൾ
നൽകിയിരുന്നു. കോവിഡ് ധ
മാർഗത്തെപ്പറ്റിയും, പോഷക
ഗുണമുള്ളതും ചെലവ് കുറഞ്ഞതുമായ
ഭക്ഷണ രീതികൾ, പ്രതിരോധ
മരുന്നുകൾ നൽകുന്ന വിധം
എന്നിവയെപ്പറ്റിയാണ് മുരിയാട് ഗവ.
ആയുർവ്വേദ ഡിസ്പെൻസറിയുടെ
നേതൃത്വത്തിൽ ക്ലാസുകൾ നൽകിയത്.
കോവിഡ് പ്രതിരോധ
പ്രവർത്തനത്തിനായി മുരിയാട്
ഗ്രാമപഞ്ചായത്ത് അനുവദിച്ച 1 ലക്ഷം
രൂപ ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തനം
നടപ്പാക്കിയത്. പദ്ധതിയുടെ ഗുണവും
സ്വീകാര്യതയും മനസ്സിലാക്കിയതിന്
ശേഷമാണ് പദ്ധതിയുടെ അടുത്ത
ഘട്ടത്തെപ്പറ്റിയും പദ്ധതി
വ്യാപിപ്പിക്കുന്നതിനെപ്പറ്റിയും തീരുമാനം
എടുക്കുക. മുരിയാട് ഗ്രാമപഞ്ചായത്തും
മുരിയാട് ഗവ.ആയുർവ്വേദ
ഡിസ്പെൻസറിയും സംയുക്തമായി
നടത്തിയ പദ്ധതിയുടെ ഉദ്ഘാടനം
ആനന്ദപുരം അമൃതം അങ്കണവാടിയിൽ
വച്ച് മുരിയാട് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ജോസ് ജെ
ചിറ്റിലപ്പിള്ളിയാണ് നിർവ്വഹിച്ചത്.