പാലാ ബിഷപ്പിനെ പിന്തുണച്ച് ഇരിങ്ങാലക്കുട രൂപതയും; ലൗ ജിഹാദിൻ്റെയും ലഹരി ജിഹാദിൻ്റെയും കുരുക്കുകളിൽ യുവതി യുവാക്കൾ വീഴാതെ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ; കുടുംബങ്ങളിൽ നാല് മക്കളെങ്കിലും ഉണ്ടാകാൻ ശ്രദ്ധ വേണമെന്നും ബിഷപ്പ്.
ഇരിങ്ങാലക്കുട: യുവതി യുവാക്കൾ ലൗ ജിഹാദിൻ്റെയും ലഹരി ജിഹാദിൻ്റെയും കുരുക്കുകളിൽ വീഴാതെ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.കുഞ്ഞുങ്ങളുടെ കാര്യത്തിൽ ചെറുപ്പം മുതൽ തന്നെ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്നും രൂപതാ ദിനത്തോടനുബന്ധിച്ച് സെൻ്റ് തോമസ് കത്തീഡ്രലിൽ നടന്ന കുർബാന മധ്യേ ബിഷപ്പ് ഇക്കാര്യം ആവശ്യപ്പെട്ടു.. ജനന നിരക്ക് കുറയുകയാണെന്നും ക്രൈസ്തവ കുടുംബങ്ങളിൽ നാല് മക്കൾ എങ്കിലും ഉണ്ടാകാൻ ശ്രദ്ധ വേണമെന്നും ബിഷപ്പ് പറഞ്ഞു.രണ്ട് പ്രളയങ്ങളും കോവിഡും തകർത്ത കേരളത്തിലെ അന്തരീക്ഷം ശോചനീയമായ അവസ്ഥയിലാണ് .കൊറോണ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. രോഗികളുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുകയാണ്.നിപ ഭീഷണിയും ഉടലെടുത്തിട്ടുണ്ട്. കേരളത്തിലെ ആത്മഹത്യ നിരക്ക് വർധിച്ച് കൊണ്ടിരിക്കുകയാണ്. കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി തമിഴ്നാട് സർക്കാർ തയ്യാറാക്കിയത് പോലെ ദീർഘകാല പദ്ധതി വേണമെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആവശ്യപ്പെട്ടു.