തുറന്നൂ, മുസിരിസ് മ്യൂസിയങ്ങൾ; എട്ട്
ബോട്ടുകൾ കൂടി ജലയാത്രക്ക്
സജ്ജമാകുന്നു.

കൊടുങ്ങല്ലൂർ:കോവിഡ്
നിയന്ത്രണങ്ങൾ കാരണം അടച്ചിട്ട
മുസിരിസ് മ്യൂസിയങ്ങളും ടൂറിസം
കേന്ദ്രങ്ങളും തുറന്നു. ബോട്ട് സർവീസും
ആരംഭിച്ചു. പൈതൃക പദ്ധതിയുടെ
കീഴിൽ മുഹമ്മദ് അബ്ദു റഹ്മാൻ
സ്മാരക മ്യൂസിയം, പറവൂർ സിനഗോഗ്,
കോട്ടയിൽ കോവിലകം സിനഗോഗ്,
പാലിയം കോവിലകം, പാലിയം
നാലുകെട്ട്, സഹോദരൻ അയ്യപ്പൻ
മ്യൂസിയം, കേസരി ബാലകൃഷ്ണപിള്ള
മ്യൂസിയം, മാള ജൂത സിനഗോഗ്
എന്നിവയാണ് പ്രവർത്തനമാരംഭിച്ചത്.
തൃശൂർ ജില്ലയിൽ അഴീക്കോട്
മുനയ്ക്കൽ മുസിരിസ് ബീച്ച്, കോട്ടപ്പുറം
കോട്ട, കോട്ടപ്പുറം കായലോരം എന്നിവ
നേരത്തെ തുറന്ന്
കൊടുത്തിരുന്നു.കോവിഡിന് മുൻപ്
കായൽഭംഗി ആസ്വദിച്ച് മ്യൂസിയങ്ങൾ
കാണാൻ സ്വദേശികളും വിദേശികളും
ഉൾപ്പെടെ 3000 മുതൽ 5000 വരെ
ആളുകൾ ഓരോ മാസവും
എത്തിയിരുന്നു. വിനോദസഞ്ചാര മേഖല
സജീവമാകുന്നതോടെ കൂടുതൽ
സഞ്ചാരികൾ എത്തുമെന്ന
പ്രതീക്ഷയിലാണ് അധികൃതർ.
വിദ്യാർത്ഥികൾക്കുള്ള ‘ഹെറിറ്റേജ്
വോക് പദ്ധതിയുടെ ആദ്യഘട്ടമായി
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ
മുസിരിസ് പ്രദേശം കാണിക്കാനുള്ള
പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്. രണ്ട്
ഘട്ടമായി എട്ട് പുതിയ ബോട്ടുകൾ കൂടി
മുസിരിസിലേയ്ക്ക് വരുന്നതോടെ
പദ്ധതിയിലെ ബോട്ടുകളുടെ എണ്ണം 19
ആകും.നിലവിലെ 11 ബോട്ടുകളുടെയും
അറ്റകുറ്റപ്പണി പൂർത്തിയാക്കി
ജലയാത്രയ്ക്ക്
സജ്ജമാക്കിയിട്ടുണ്ട്.ലോക്ക്ഡൗണിനെ
തുടർന്ന് നാല് മാസത്തിലേറെയായി
കരയ്ക്ക് അടുപ്പിച്ച ബോട്ടുകൾ
നീറ്റിലിറങ്ങുന്നതോടെ ടൂർ
ഓപ്പറേറ്റർമാർ അടക്കം വലിയ
പ്രതീക്ഷയിലാണ്.
മുസിരിസ് ടൂറിസം പദ്ധതിയിൽ വടക്കൻ
പറവൂർ മുതൽ കൊടുങ്ങല്ലൂർ വരെ 12
ബോട്ട് ജെട്ടികളാണ് പണി
തീർത്തിരിക്കുന്നത്.വടക്കൻ
പറവൂരിലെയും കൊടുങ്ങല്ലൂരിലെയും
ചരിത്ര സ്മാരകങ്ങളും
മ്യൂസിയങ്ങളുമെല്ലാം ജലമാർഗം
ബന്ധിപ്പിച്ചുകൊണ്ടാണ് ഹോപ് ഓൺ
ഹോപ് ഓഫ് ബോട്ട് സർവീസ്
നടത്തുന്നത്.
കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ്,
പി എ സെയ്ത് മുഹമ്മദ് കൾച്ചറൽ
മ്യൂസിയം, അഴീക്കോട് മാർത്തോമ
ക്രിസ്ത്യൻ ലൈഫ് സ്റ്റൈൽ മ്യൂസിയം
എന്നിവ മുഖ്യമന്ത്രിയുടെ നൂറുദിന
പദ്ധതിയിൽ ഉൾപ്പെടുത്തി
ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്.
മാള ഐരാണിക്കുളം ക്ഷേത്രം,
കൊടുങ്ങല്ലൂർ അഴീക്കോട് മുനയ്ക്കൽ
മുസിരിസ് ബീച്ച് സൗന്ദര്യവൽക്കരണം,
മതിലകം ബംഗ്ലാവ് കടവ് ബോട്ട് ജെട്ടി,
മുനയ്ക്കൽ ബോട്ട് ജെട്ടി, കീഴ്ത്തളി
ശിവക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി
ക്ഷേത്രം ഊട്ടുപുര, അക്കോമഡേഷൻ
ബ്ലോക്ക്, എടവിലങ്ങ് പതിനെട്ടരയാളം
കോവിലകം തുടങ്ങി വിവിധങ്ങളായ
പദ്ധതികളുടെ നവീകരണപ്രവൃത്തികളും
പുരോഗമിക്കുകയാണെന്ന് മുസിരിസ്
പൈതൃക പദ്ധതി മാനേജിംഗ്
ഡയറക്ടർ പി എം നൗഷാദ് അറിയിച്ചു.

Please follow and like us: