കുർബാന രീതി പരിഷ്കാരം; സിനഡിൻ്റെ തീരുമാനം അംഗീകരിക്കില്ല; മേജർ ആർച്ച് ബിഷപ്പും സിനഡും ഇരിങ്ങാലക്കുട രൂപതയെയും ബിഷപ്പിനെയും വൈദിക കൂട്ടായ്മയെയും വിശ്വാസികളെയും അവഹേളിച്ചുവെന്നും ഇത് സംബന്ധിച്ച സർക്കുലർ വായിക്കില്ലെന്നും രൂപതയിലെ വൈദികർ.
ഇരിങ്ങാലക്കുട: ജനാഭിമുഖ കുർബാനയ്ക്ക് വിരുദ്ധമായ സീറോ മലബാർ സിനഡിൻ്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഇരിങ്ങാലക്കുട രൂപതയിലെ വൈദികർ.ഇത് സംബന്ധിച്ച് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പിൻ്റെ നിലപാട് കാര്യമാക്കുന്നില്ലെന്നും സിനഡ് തീരുമാനം വിഭജനം ഉണ്ടാക്കുമെന്നും ഇത് സംബന്ധിച്ചുള്ള ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കില്ലെന്നും ദൈവജനാഭിമുഖബലിയർപ്പണ രീതി മാത്രമേ ഇരിങ്ങാലക്കുട രൂപത സ്വീകരിക്കുകയുള്ളുവെന്നും രൂപതയിലെ ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റി കൺവീൺ ഫാ.ജോൺ കവലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. രൂപതയിലെ 148 വൈദികർ ഒപ്പിട്ട നിവേദനം നേരത്തെ നല്കിയതിൻ്റെ അടിസ്ഥാനത്തിൽ സിനഡിൽ ബിഷപ്പ് വിഷയം അവതരിപ്പിച്ചിരുന്നു. എന്നാൽ രൂപതയെയും ബിഷപ്പിനെയും വൈദിക കൂട്ടായ്മയെയും രണ്ടരലക്ഷത്തിലധികം വരുന്ന വിശ്വാസികളെയും മേജർ ആർച്ച് ബിഷപ്പും സിനഡും അവഹേളിക്കുകയായിരുന്നു. സിനഡിൻ്റെ സുപ്പീരിയർ ട്രൈബ്യൂണലിലേക്കും വത്തിക്കാനിലേക്കും അപ്പീൽ നല്കും.കഴിഞ്ഞ 60 വർഷങ്ങളായി ജനാഭിമുഖ കുർബാനയാണ് തുടരുന്നത്. ആരാധനാക്രമപരമായ തീരുമാനം എടുക്കാൻ പൂർണ്ണ അധികാരം ഉണ്ടായിട്ടും മാർപാപ്പയുടെ കത്തിനെ തീരുമാനമാക്കിയ സിനഡിൻ്റെ വക്രബുദ്ധിയെ അംഗീകരിക്കാൻ കഴിയില്ലെന്നും വൈദികർ വ്യക്തമാക്കി. ജോയിൻ്റ് കൺവീനർ ഫാ. ജോസ് പാലാട്ടി, ഫാ. ജോസ് പന്തലൂക്കാരൻ, ഫാ. ജോർജ് പാലമറ്റം, ഫാ. ജോയ് കടമ്പാട്ട്, ഫാ. പിയൂസ് ചിറപ്പണത്ത്, ഫാ. ആൻ്റണി മുക്കാട്ടുകരക്കാരൻ, ഫാ. ജെയ്സൻ കരിപ്പായി എന്നിവർ ഒപ്പം ഉണ്ടായിരുന്നു.