ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ ബില്യൻ ബീസ് സ്ഥാപന ഉടമയായ നടവരമ്പ് സ്വദേശിക്കെതിരെ പോലീസ് കേസ്സെടുത്തു; നാട് വിട്ട പ്രതിയുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകിയതായും പോലീസ്
തൃശ്ശൂർ : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ബില്യൻ ബീസ് കാപ്പിറ്റൽ ലിമിറ്റഡ് ചെയർമാൻ ബിബിൻ കെ ബാബുവിന് എതിരെ പോലീസ് കേസെടുത്തു. രണ്ടര കോടിയും ഒന്നര കോടിയും പത്ത് ലക്ഷം വീതം നഷ്ടപ്പെട്ട രണ്ട് പേരുടെയും അടക്കമുള്ള പരാതികളിലാണ് ഇരിങ്ങാലക്കുട പോലീസ് പ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തിരിക്കുന്നത്. നാല് കേസുകളാണ് ഇതിനകം എടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് 2018 മുതലാണ് നടവരമ്പ് കിഴക്കേ വളപ്പിൽ ബിബിൻ കെ ബാബു കനത്ത ലാഭവും പലിശയും വാഗ്ദാനം ചെയ്ത് പ്രവർത്തനം ആരംഭിച്ചതെന്നും 2023 അവസാനത്തോടെയാണ് ഓഫീസിൻ്റെ പ്രവർത്തനം നിറുത്തിയതെന്നും പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ റോഡിൽ ഹെഡ് ഓഫീസും കാട്ടൂർ റോഡിൽ പാം സ്ക്വയറിൽ 10,000 ചതുരശ്ര അടിയുള്ള ആഡംബര ഓഫീസും നടത്തിയിരുന്നു. പണം നഷ്ടപ്പെട്ടവരിൽ ഡോക്ടർമാരും അഭിഭാഷകരുമെല്ലാം ഉൾപ്പെടുന്നുണ്ട്. ഒരു നടൻ്റെ സഹോദരൻ പണം നിക്ഷേപിച്ചതായും പിന്നീട് നിക്ഷേപിച്ച പണം തിരിച്ച് വാങ്ങിയതായും സൂചനയുണ്ട്. ആദ്യ വർഷങ്ങളിൽ നിക്ഷേപിച്ചവർക്ക് ലാഭം കിട്ടിയതറിഞ്ഞ് ബില്യൻ ബീസിൻ്റെ ജീവനക്കാരും ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നു. ഐസിഐസിഐ ബാങ്കിൽ അസി. മാനേജർ പ്രവർത്തിച്ചിരുന്ന ബിബിൻ ദുബായിലും ബില്യൻ ബീസ് കോർപ്പറേറ്റ് ഓഫീസ് ആരംഭിച്ചിരുന്നു. മികച്ച പ്രവർത്തനത്തിന് കേന്ദ്ര മന്ത്രിയിൽ നിന്നും ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ജി-20 പ്രസിഡണ്ടൻസി ഓഫ് ഇന്ത്യ ആഘോഷവേളയിൽ ഇൻഡോ – അറബ് എക്സലൻസി അവാർഡും എറ്റ് വാങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കൂടുതൽ പരാതികൾ വന്നിട്ടുണ്ടെന്നും കൂടുതൽ കേസ്സുകൾ എടുക്കുമെന്നും നൂറ് കോടിയിൽ അധികം നിക്ഷേപകർക്ക് നഷ്ടപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും പ്രതി നാട്ടിൽ ഇല്ലെന്നും പ്രതിക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.