ഇരിങ്ങാലക്കുട നഗരസഭയുടെ 2025-26 വാർഷിക പദ്ധതിക്ക് അംഗീകാരം; കണ്ടിജൻ്റ് ജീവനക്കാരുടെ നിയമന വിഷയത്തെ ചൊല്ലി യോഗത്തിൽ ബഹളം

ഇരിങ്ങാലക്കുട നഗരസഭയുടെ 2025-26 വാർഷിക പദ്ധതിക്ക് അംഗീകാരം; കണ്ടിജൻ്റ് ജീവനക്കാരുടെ നിയമന വിഷയത്തെ ചൊല്ലി പ്രതിപക്ഷ വിമർശനവും ബഹളവും

ഇരിങ്ങാലക്കുട : 2025-26 വർഷത്തെ ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതിക്ക് നഗരസഭ യോഗത്തിൻ്റെ അംഗീകാരം. 184942000 രൂപയുടെ പദ്ധതികൾക്കാണ് നഗരസഭയുടെ അടിയന്തരയോഗം അംഗീകാരം നൽകിയത്.

കണ്ടിജൻ്റ് ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺസിൽ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള പ്രതിപക്ഷത്തിൻ്റെ കടുത്ത വിമർശനങ്ങളോടെയാണ് യോഗം ആരംഭിച്ചത്. ഭൂരിപക്ഷം അംഗങ്ങളും എതിർത്തിട്ടും കണ്ടിജൻ്റ് ജീവനക്കാരുടെ നിയമനം അംഗീകരിച്ച് കൊണ്ട് എങ്ങനെയാണ് കൗൺസിൽ തീരുമാനമെടുക്കുന്നതെന്നും സെക്രട്ടറി വിശദീകരണം നൽകണമെന്നും കഴിഞ്ഞ യോഗത്തിൻ്റെ മിനിറ്റ്സ് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും യോഗാരംഭത്തിൽ ബിജെപി പാർലമെൻ്ററി ലീഡർ സന്തോഷ് ബോബൻ പറഞ്ഞു. അജണ്ടകൾ ചർച്ച ചെയ്യാതെ യോഗം അവസാനിപ്പിച്ച് ചെയർ പേഴ്സൺ ഒളിച്ചോടുകയായിരുന്നുവെന്നും കൃത്യമായ അഭിമുഖങ്ങൾ നടത്തി നിയമനങ്ങൾ നടത്തണമെന്നും വിദേശത്ത് ആയിരുന്ന സമയത്തെ ഓണറേറിയം കൈപ്പറ്റിയത് മുൻ വൈസ് ചെയർമാനിൽ നിന്നും തിരിച്ച് പിടിക്കണമെന്നും ബിജെപി അംഗം ടി കെ ഷാജു ആവശ്യപ്പെട്ടു. ഭരണസമിതിയിൽ പതിനേഴ് പേർ മാത്രമാണ് ഉള്ളതെന്ന ധാരണ ഇത് വരെ ഭരണപക്ഷത്തിന് വന്നിട്ടില്ലെന്നും വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും ചെയർപേഴ്സൺ തയ്യാറായില്ലെന്നും ജനാധിപത്യത്തിന് ഇത് ഭൂഷണമല്ലെന്നും എൽഡിഎഫ് പാർലമെൻ്ററി ലീഡർ അഡ്വ കെ ആർ വിജയ പറഞ്ഞു. ഹൈക്കോടതി തീരുമാനമനുസരിച്ചാണ് പ്രവർത്തിച്ചതെന്നും വിയോജനക്കുറിപ്പോടെയാണ് കഴിഞ്ഞ കൗൺസിലിലെ അജണ്ട പാസ്സാക്കിയതെന്ന് ചെയർപേഴ്സനും യോഗത്തിൻ്റെ നിയന്ത്രണം ചെയർ പേഴ്സനാണെന്നും ചെയർപേഴ്സൺ പറയുന്ന തീരുമാനമാണ് മിനിറ്റ്സിൽ രേഖപ്പെടുത്തുന്നതെന്നും ചട്ടങ്ങൾ പ്രകാരം സെക്രട്ടറി എം എച്ച് ഷാജിക്കും വിശദീകരിച്ചു. കോടതിയിൽ അഭിഭാഷക പറഞ്ഞത് നഗരസഭയുടെ തീരുമാനമല്ലെന്നും കസേരയിൽ ഇരിക്കാൻ ചെയർ പേഴ്സന് യോഗ്യതയില്ലെന്നും എൽഡിഎഫ് അംഗം സി സി ഷിബിൻ കുറ്റപ്പെടുത്തി. ഇതോടെ പ്രതിപക്ഷ നിലപാട് ശരിയല്ലെന്ന് പറഞ്ഞ് ഭരണകക്ഷി അംഗങ്ങളും ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റതോടെ യോഗം ബഹളത്തിൽ കലാശിച്ചു. അടുത്ത യോഗത്തിൽ കൃത്യമായ വിശദീകരണം സെക്രട്ടറി നൽകണമെന്ന് ടി കെ ഷാജു ആവശ്യപ്പെട്ടു. ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

Please follow and like us: