വേളൂക്കരയിൽ ഭക്ഷ്യനിർമ്മാണ ശാലകളിൽ മിന്നൽ പരിശോധന; പട്ടേപ്പാടത്ത് രണ്ട് സ്ഥാപനങ്ങൾ താത്കാലികമായി അടച്ചിടാൻ നിർദേശം

വേളൂക്കര പഞ്ചായത്തിൽ ഭക്ഷ്യനിർമ്മാണ ശാലകളിൽ ” ഓപ്പറേഷൻ സ്നാക്ക്സ് ഹണ്ട് ” എന്ന പേരിൽ മിന്നൽ പരിശോധന; പട്ടേപ്പാടത്ത് പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾ താത്കാലികമായി അടച്ചിടാൻ നിർദ്ദേശം;

 

ഇരിങ്ങാലക്കുട : വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സമൂസ , വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന . പുലർക്കാലങ്ങളിൽ മാത്രം പലഹാര നിർമ്മാണം നടത്തുകയും തുടർന്ന് വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിലാണ് ‘ഓപ്പറേഷൻ സ്നാക്ക്സ് ഹണ്ട്’ എന്ന പേരിൽ, പ്രത്യേക ടീം രൂപീകരിച്ച് പരിശോധന നടത്തിയത്. പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിലും തൊഴിലാളികൾക്ക് ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും പട്ടേപ്പാടത്ത് പ്രവർത്തിക്കുന്ന ലളിതം ഫുഡ് പ്രോഡക്ട്സ്, അക്ഷര ഫുഡ് എന്നിവ താത്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകി. അപാകതകൾ പരിഹരിച്ചതിനുശേഷം മാത്രം പ്രവർത്തിക്കാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്. സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലാലുമോൻ കെ.കെ, ഷിഹാബുദ്ദീൻ.കെ.എസ്, സ്മാർട്ട് കെ.എ, സുജിത്ത് വി.എസ് എന്നിവർ നേതൃത്വം നൽകി. വീടുകളോട് ചേർന്ന് ഭക്ഷ്യവസ്തുക്കൾ നിർമ്മിച്ച് വിപണനം ചെയ്യുന്ന ഇടങ്ങളിലുള്ള പരിശോധന തുടരുമെന്ന് പ്രാദേശിക പൊതുജനാരോഗ്യ ഓഫീസർ കൂടിയായ, കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് കെ.യു അറിയിച്ചു.

Please follow and like us: