കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളേജുകളിലെ ആദ്യ റോബോട്ടിക്ക് നേട്ടവുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്.
ഇരിങ്ങാലക്കുട : റോബോട്ടിക്ക് പദ്ധതിയുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്. കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർത്ഥികൾ കൊച്ചിയിലുള്ള ഐ – ഹബ് എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെ ഇരുപത്തഞ്ചു വിദ്യാർത്ഥികൾ അഞ്ചുഗ്രൂപ്പുകളായി ചെയ്ത ഇൻ്റേൺഷിപ്പിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിക് പ്രോജക്ട് കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളേജുകളിൽ ആദ്യത്തേതാണ്.ജോസഫൈൻ എന്നു പേരിട്ട റോബോട്ടിൻ്റെ ലോഞ്ചിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ശാസ്ത്രസാങ്കേതികവിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പുതു കാലത്ത് മനുഷ്യ മസ്തിഷ്കങ്ങളേക്കാൾ മുൻ നിരയിലാണ് മനുഷ്യനിർമിത മസ്തിഷ്കങ്ങൾ സർഗാത്മക പ്രവൃത്തിയിലടക്കം ഏർപ്പെടുന്നതെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. പൂർവ്വവിദ്യാർത്ഥിയും പ്രോജക്ട് അഡ്വൈസറും ചീഫ് കോർഡിനേറ്ററുമായ ഡോ. ഇഷ ഫർഹ ഖുറൈഷി, സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ ഐ-ഹാബ് റോബോട്ടിക്സ് പ്രോജക്ടിൻ്റെ സി.ഒ ആദിൽ, ഗണിതശാസ്ത്ര വിഭാഗം അധ്യക്ഷ സിൻ്റ ജോയ്, വിദ്യാർത്ഥി പ്രതിനിധി വരദ എന്നിവർ സംസാരിച്ചു.കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷൽ വിഭാഗം അധ്യാപിക അഞ്ജു പി.ഡേവീസാണ് വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിയത്.