അവധി എടുത്തതിനെ ചൊല്ലി അധികൃതരുമായി സംഘർഷം; ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സീനിയർ നേഴ്സിൻ്റെ ആത്മഹത്യാ ശ്രമം

അവധി എടുത്തതിനെ ചൊല്ലി അധികൃതരുമായി സംഘർഷം; ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നേഴ്സിൻ്റെ ആത്മഹത്യാശ്രമം.

ഇരിങ്ങാലക്കുട : അവധി എടുത്ത വിഷയത്തെ ചൊല്ലിയുള്ള സംഘർഷത്തിനൊടുവിൽ അമിത അളവിൽ രക്തസമ്മർദത്തിനുള്ള ഗുളിക കഴിച്ച് നേഴ്സിൻ്റെ ആത്മഹത്യാശ്രമം. ജനറൽ ആശുപത്രിയിലെ ഗ്രേഡ് രണ്ട് നേഴ്സിംഗ് സൂപ്രണ്ട് പേരാമ്പ്ര മണ്ഡലി ഷാജുവിൻ്റെ ഭാര്യ ഡീന(52 വയസ്സ്) ആണ് അമിത അളവിൽ മരുന്ന് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉച്ചയ്ക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ടിൻ്റെ മുറിയിൽ വച്ചായിരുന്നു സംഭവം. അനുമതിയില്ലാതെ ഡിസംബർ 23 ന് അവധി എടുത്തതിൻ്റെ പേരിൽ ഇവർക്ക് മെമ്മോ നൽകിയിരുന്നുവെന്നും ഇവർ നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും ഇത് വ്യക്തമാക്കിയപ്പോൾ ബഹളം വയ്ക്കുകയും കൈയ്യിൽ ഉണ്ടായിരുന്ന ഗുളികകൾ വിഴുങ്ങുകയുമായിരുന്നുവെന്ന് സൂപ്രണ്ട് ഡോ ശിവദാസ് പറഞ്ഞു.ഇതേ സമയം ലേ സെക്രട്ടറി, നേഴ്സിംഗ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ മുറിയിൽ ഉണ്ടായിരുന്നു. ഉടനെ മറ്റ് ജീവനക്കാർ ചേർന്ന് ഇവരെ പിടിച്ചിരുത്തുകയും തുടർന്ന് ഗുളികകൾ ശർദ്ദിപ്പിച്ച ശേഷം നിരീക്ഷണത്തിൽ ആക്കുകയുമായിരുന്നു. വൈകീട്ട് 6 മണിയോടെ ഇവർ ആശുപത്രിയിൽ നിന്നും മടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം താൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ് ആശുപത്രി സൂപ്രണ്ട് അച്ചടക്കലംഘനമാണെന്നും പ്രമോഷൻ തടയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും കുറച്ച് നാളുകളായി മാനസികമായി പീഡിപ്പിക്കുകയാണെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഡിഎംഒ വിനും പരാതി നൽകുമെന്നും ഡീന പറഞ്ഞു.

ഇരിങ്ങാലക്കുട പോലീസും സ്ഥലത്ത് എത്തിയിരുന്നു

Please follow and like us: