നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതി; പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം; നഗരസഭതല കേരളോൽസവം ഡിസംബർ ഒന്ന് മുതൽ
ഇരിങ്ങാലക്കുട : 2024- 25 വാർഷിക പദ്ധതി ഭേദഗതിയിൽ പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച്
ഭരണപക്ഷം. ടൈഡ് ഫണ്ടായി ലഭിച്ച 1.26 കോടി രൂപ 41 വാർഡുകളിലേക്ക് തുല്യമായി വിഭജിച്ച് നൽകാനും ബൈപ്പാസ് – ബ്രദർ മിഷൻ കണക്ടിംഗ് റോഡ് നിർമ്മാണത്തിനായി മാറ്റി വച്ച 50 ലക്ഷം രൂപ 10 ലക്ഷമായി കുറച്ച് ബാക്കിയുള്ള 40 ലക്ഷം രൂപയും 41 വാർഡുകളിലേക്കും തുല്യമായി നൽകാനും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരും പാർലമെൻ്ററി പാർട്ടി ലീഡർമാരും അടങ്ങിയ സ്റ്റീയറിംഗ് കമ്മിറ്റ തീരുമാനിച്ചതായി നഗരസഭ യോഗത്തിൽ ചെയർപേഴ്സൺ അറിയിച്ചു. അതേ സമയം പ്രതിപക്ഷ കൗൺസിലർമാരുടെ അടക്കമുള്ള വാർഡുകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ തനത് ഫണ്ടിൽ നിന്നുള്ള തുക നടത്താനുള്ള തീരുമാനം സിപിഎമ്മും ബിജെപിയും എതിർത്തുവെന്ന ചെയർപേഴ്സൻ്റെ പരാമർശത്തിൽ യോഗത്തിൽ പ്രതിപക്ഷ നിരകളിൽ നിന്നും പ്രതിഷേധം ഉയർന്നു. 41 അംഗ ഭരണസമിതിയിൽ ഭരണപക്ഷത്ത് 17 അംഗങ്ങൾ മാത്രമേയുള്ളൂവെന്ന കാര്യം വിസ്മരിക്കരുതെന്നും കാര്യങ്ങൾ കൃത്യമായി നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിൽ നേരത്തെ തന്നെ സ്റ്റീയറിംഗ് കമ്മിറ്റി വിളിക്കേണ്ടതായിരുന്നുവെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ പറഞ്ഞു. റോഡ് നിർമ്മാണത്തിന് തങ്ങൾ എതിരല്ലെന്നും തനത് ഫണ്ട് ഇല്ലെന്ന് പറഞ്ഞവർക്ക് പെട്ടെന്ന് എങ്ങനെ തനത് ഫണ്ട് ഉണ്ടായെന്നും പ്ലാൻ ഫണ്ടിൽ വച്ച് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും എൽഡിഎഫ് അംഗം സി സി ഷിബിൻ ആവശ്യപ്പെട്ടു. റോഡ് അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ പൊറത്തിശ്ശേരി മേഖലയെ അവഗണിക്കുന്ന സമീപനമാണ് ഭരണപക്ഷം എന്നും സ്വീകരിച്ചിരുന്നതെന്നും 2023 ലെ കല്ലട ഉൽസവ സമയത്ത് തൻ്റെ വാർഡിലേക്ക് അനുവദിച്ച തുക കൊണ്ടാണ് തകർന്ന് കിടന്നിരുന്ന റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും കരാറുകാരന് ഇത് വരെ ബിൽ കിട്ടിയിട്ടില്ലെന്നും ബിജെപി കൗൺസിലർ ടി കെ ഷാജുട്ടൻ പറഞ്ഞു. നഗരത്തിലെ റോഡുകളുടെ ദയനീയ അവസ്ഥയെക്കുറിച്ച് മുൻ നഗരസഭ ചെയർമാനും മുൻ കെപിസിസി സെക്രട്ടറി എം പി ജാക്സൻ പറഞ്ഞപ്പോഴാണ് ഭരണപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതെന്ന് അഡ്വ കെ ആർ വിജയ തുടർന്നും വിമർശിച്ചു. നഗരസഭ ഓഫീസ് പരിസരത്തുള്ളടക്കം പ്രധാന റോഡുകൾ ഒക്കെ തകർന്ന് കിടക്കുകയാണെന്നും മുൻ ചെയർമാൻ്റെ വിമർശനത്തിന് മുമ്പ് തന്നെ തനത് ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചിരുന്നതാണെന്നും യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ സോണിയ ഗിരി പറഞ്ഞു. റോഡുകളുടെ തകർച്ച ചൂണ്ടിക്കാട്ടിയ യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ തന്നെ ഭരണപരാജയം സമ്മതിച്ചിരിക്കുകയാണെന്നും അദാലത്തിൽ പരാതി നൽകിയതിന് ശേഷമാണ് കരാറുകാരനായ റോജോവിന് ബിൽ പാസ്സായതെന്നും ടി കെ ഷാജുട്ടൻ പറഞ്ഞു. കർമ്മഫലമാണ് ഭരണപക്ഷം അനുഭവിക്കുന്നതെന്നും കഴിഞ്ഞ വർഷങ്ങളിലെ പദ്ധതി ചിലവിൽ ഇരിങ്ങാലക്കുട നഗരസഭ പുറകിലാണെന്നും കൊടുങ്ങല്ലൂർ നഗരസഭക്ക് 90 % പദ്ധതി ഫണ്ടും ചിലവഴിക്കാൻ കഴിഞ്ഞതായും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ പറഞ്ഞു. ആർക്ക് വേണ്ടിയാണ് പൊറത്തിശ്ശേരി പഞ്ചായത്തിനെ നഗരസഭയോട് കൂട്ടിച്ചേർത്തതെന്നും മേഖല അവഗണന നേരിടുകയാണെന്നും എൽഡിഎഫ് അംഗം കെ പ്രവീൺ പറഞ്ഞു. പൊറത്തിശ്ശേരി പഞ്ചായത്തിനെ നഗരസഭയോട് കൂട്ടിച്ചേർത്തത് സിപിഎമ്മിൻ്റെ രാഷ്ട്രീയ തീരുമാനവും ഭരണം പിടിക്കാനുള്ള തന്ത്രവുമായിരുന്നുവെന്നും വൈസ്-ചെയർമാൻ ബൈജു കുറ്റിക്കാടൻ മറുപടിയായി പറഞ്ഞു.
ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിൻ്റെ പേരിൽ ഹൈക്കോടതിയിൽ കള്ളസത്യവാങ്മൂലം നൽകി ഫിഷ് മാർക്കറ്റിലെ സാധാരണക്കാരായ കച്ചവടക്കാരെ ഒഴിപ്പിച്ചിട്ട് എന്ത് നേടിയെന്നും ഭരണപക്ഷം വ്യക്തമാക്കണമെന്ന് ഇത് സംബന്ധിച്ച ചർച്ചയിൽ സന്തോഷ് ബോബൻ ആവശ്യപ്പെട്ടു.
നഗരസഭ തലത്തിലുള്ള കേരളോൽസവം ഡിസംബർ 1 മുതൽ 15 വരെ നടത്താനും ഇതിനായി പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ ചിലവഴിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.