സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർക്ക് തുണയായി കെഎസ്ആർടിസി സർവീസുകൾ ; കൂടുതലായി നടത്തിയത് പതിനൊന്ന് സർവീസുകൾ
തൃശ്ശൂർ : തൃശ്ശൂർ ശക്തൻ സ്റ്റാൻ്റിലെ ഗതാഗത പരിഷ്കരണത്തിൻ്റെ പേരിൽ രണ്ട് ദിവസങ്ങളായി നടത്തിയ പണിമുടക്കിൽ യാത്രക്കാർക്ക് തുണയായി കെഎസ്ആർടിസി സർവീസുകൾ. തിങ്കളാഴ്ച ഉച്ചയോടെയാണ് ശക്തൻ സ്റ്റാൻ്റിൽ നിന്നുള്ള ബസ്സുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. ചർച്ചകളെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ പണിമുടക്ക് പിൻവലിച്ചെങ്കിലും മുഴുവൻ സ്വകാര്യ ബസ്സുകളും സർവീസ് പുനരാരംഭിച്ചില്ല. മിന്നൽ പണിമുടക്ക് ആരംഭിച്ചതോടെ തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ കെഎസ്ആർടി കൂടുതൽ സർവീസുകൾ ആരംഭിക്കുകയായിരുന്നു. തൃശ്ശൂരിൽ നിന്നും രണ്ടും കൊടുങ്ങല്ലൂരിൽ നിന്നും ആറും ഇരിങ്ങാലക്കുടയിൽ നിന്നും മൂന്നും സർവീസുകളാണ് സമരത്തെ തുടർന്ന് ദുരിതത്തിലായ യാത്രക്കാർക്ക് തുണയായി എത്തിയത്. തൃശ്ശൂർ ഡിപ്പോയിൽ നിന്നും രണ്ട് ദിവസങ്ങളിലായി ആറ് ട്രിപ്പുകളാണ് നടത്തിയത്. ഇരിങ്ങാലക്കുയിൽ നിന്നും രണ്ട് ദിവസങ്ങളിലായി പതിനേഴ് ട്രിപ്പുകൾ നടത്തിയിട്ടുണ്ട്. നിലവിലെ സർവീസുകൾ പുനക്രമീകരിച്ചാണ് സർവീസുകൾ നടത്തിയതെന്നും കെ എസ്ആർടിസി അധികൃതർ അറിയിച്ചു.