ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതി; പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം; കൗൺസിൽ ഉടൻ വിളിക്കുമെന്ന് ഭരണ നേതൃത്വം
ഇരിങ്ങാലക്കുട : നഗരസഭയുടെ 2024-25 വാർഷിക പദ്ധതി ഭേദഗതികളുടെ കാര്യത്തിൽ സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ ധാരണ. ടൈഡ് ഫണ്ടായ 1 കോടി 26 ലക്ഷം രൂപ 41 വാർഡുകളിലേക്ക് തുല്യമായി നൽകാനും വാർഷിക പദ്ധതി ഭേദഗതിയിൽ ഭരണ നേത്യത്വം പുതുതായി ഉൾപ്പെടുത്തിയ ആറ് പദ്ധതികൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്രൈസ്റ്റ് കോളേജ് -പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലെ സണ്ണി സിൽക്സിന് മുൻവശം അറ്റകുറ്റപ്പണി, ഫാ ഡിസ്മസ് റോഡ് അറ്റകുറ്റപ്പണി, ബൈ പാസ് , മാർക്കറ്റ് റോഡുകളിലെ അറ്റകുറ്റപണികൾ എന്നിവയാണ് ഒഴിവാക്കുന്നത്. ബൈ പാസ്സ് – പൂതംക്കുളം കണക്ടിംഗ് റോഡിന് സ്ഥലം വാങ്ങിക്കാൻ 50 ലക്ഷം രൂപ വകയിരുത്താൻ തീരുമാനിച്ചത് 10 ലക്ഷമാക്കി കുറയ്ക്കാനും ബാക്കി വരുന്ന 40 ലക്ഷം രൂപ 41 വാർഡുകളിലേക്കും തുല്യമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ വാർഡുകളെ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ യോഗത്തിൽ ഭേദഗതികൾ അംഗീകരിക്കാൻ എൽഡിഎഫ്, ബിജെപി അംഗങ്ങൾ അടങ്ങുന്ന പ്രതിപക്ഷം തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും പാർലമെൻ്ററി പാർട്ടി ലീഡർമാരുടെയും യോഗം ചെയർ പേഴ്സൺ മേരിക്കുട്ടി ജോയിയുടെ അധ്യക്ഷതയിൽ വിളിച്ച് ചേർത്തത്. ഇതോടെ 20 ലക്ഷത്തോളം രൂപ ഓരോ വാർഡിലേക്കും ലഭിക്കുമെന്നാണ് പ്രതിപക്ഷം കണക്ക് കൂട്ടുന്നത്. തീരുമാനങ്ങൾ മുഴുവൻ അംഗങ്ങളെയും അറിയിക്കേണ്ടതുണ്ടെന്നും ഉടൻ കൗൺസിൽ വിളിക്കുമെന്നും ചെയർ പേഴ്സൺ അറിയിച്ചു.