ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ധനകാര്യവകുപ്പിൻ്റെ നിലപാട് ; ഉണ്ണായി വാര്യർ സ്മാരക കലാനിലയം ജീവനക്കാർ ആശങ്കയിൽ; ഉത്തരവ് നടപ്പിലായാൽ സ്ഥാപനം അടച്ച് പൂട്ടേണ്ടി വരുമെന്ന് കലാനിലയം അധികൃതർ

ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ധനകാര്യവകുപ്പിൻ്റെ നിലപാട് ; ഉണ്ണായിവാര്യർ സ്മാരക കലാനിലയം ജീവനക്കാർ ആശങ്കയിൽ; ഉത്തരവ് നടപ്പിലായാൽ അടച്ച് പൂട്ടേണ്ടിവരുമെന്ന് കലാനിലയം അധികൃതർ

ഇരിങ്ങാലക്കുട : സർക്കാർ ധന സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ശമ്പളവും പെൻഷനും മറ്റ് ചിലവുകളും സർക്കാരിൻ്റെ ബാധ്യതയല്ലെന്ന ധനകാര്യ വകുപ്പിൻ്റെ നിലപാടിൽ ആശങ്കയോടെ ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയവും . കലാനിലയം ഉൾപ്പടെ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന 200 ഓളം സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. ചിലവുകൾ സ്വന്തം വരുമാനത്തിൽ നിന്നും കണ്ടെത്തണമെന്ന നിലപാട് സാസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കലാനിലയത്തിന് വെല്ലുവിളിയാകും. സർക്കാരിൽ നിന്നും ഗ്രാൻ്റ് ആയി ഓരോ വർഷവും അനുവദിക്കുന്ന അമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് സ്ഥിരം ജീവനക്കാർ അടക്കം 16 പേർക്കുള്ള ശമ്പളവും വിദ്യാർഥികൾക്കുള്ള സ്റ്റൈപ്പൻഡും നൽകി വരുന്നത്. ഇത് തന്നെ കൃത്യസമയത്ത് കിട്ടാറില്ലെന്ന് കലാനിലയം അധികൃതർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവിൽ എഴ് മാസത്തെ ശമ്പളവും മറ്റും കുടിശ്ശികയാണ്. കഥകളി ട്രൂപ്പിൽ നിന്നുള്ള വരുമാനം മാത്രമാണ് തനത് വരുമാനമായി കലാനിലയത്തിനുള്ളത്. 2023-24 വർഷത്തിൽ നൂറോളം അരങ്ങുകൾ കിട്ടിയിയെങ്കിലും എല്ലാ വർഷവും പ്രതീക്ഷിക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. 1965 ൽ നിർമ്മിച്ച ഹാൾ ദയനീയ അവസ്ഥയിലായതോടെ കല്യാണം, യോഗങ്ങൾ, കഥകളി അവതരണങ്ങൾ എന്നിവയിൽ നിന്നുള്ള വാടകയും ഇല്ലാതെയായി. കഥകളി അവതരണങ്ങൾക്ക് മേഖലയിലെ കോളേജുകളെയും അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമാണ് സംഘടനകൾ ആശ്രയിക്കുന്നത്. സർക്കാരിൽ നിന്നുള്ള ധനസഹായം നിലച്ചാൽ ആട്ടക്കഥ കൊണ്ട് സാഹിത്യ ചക്രവാളം പിടിച്ചടക്കിയ ഉണ്ണായിവാര്യരുടെ പേരിലുള്ള സ്ഥാപനം അടച്ച് പൂട്ടേണ്ടി വരുമെന്ന് കലാനിലയം അധികൃതർ വ്യക്തമാക്കുന്നുണ്ട്. ധനകാര്യ വകുപ്പിൻ്റെ ഉത്തരവിലുള്ള ആശങ്കകൾ പരിഹരിക്കാൻ സാംസ്കാരിക വകുപ്പിനെ സമീപിക്കാൻ ഒരുങ്ങുകയാണ് കലാനിലയം ഭരണസമിതി.

Please follow and like us: