പ്രതിപക്ഷത്തിൻ്റെ വിയോജിപ്പ് ; വാർഷിക പദ്ധതി ഭേദഗതികൾ അംഗീകരിക്കാൻ കഴിയാതെ ഇരിങ്ങാലക്കുട നഗരസഭ; നാളെ സ്റ്റീയറിംഗ് കമ്മിറ്റി വിളിക്കാൻ തീരുമാനം.
ഇരിങ്ങാലക്കുട : പ്രതിപക്ഷത്തിൻ്റെ വിയോജിപ്പിനെ തുടർന്ന് 2024-25 വാർഷിക പദ്ധതി ഭേദഗതികൾ അംഗീകരിക്കാൻ കഴിയാതെ ഇരിങ്ങാലക്കുട നഗരസഭ. പദ്ധതി റിവിഷൻ തട്ടിപ്പാണെന്നും യുഡിഎഫ് വാർഡുകൾക്ക് മാത്രമാണ് പരിഗണന നൽകിയിരിക്കുന്നതെന്നും മാർക്കറ്റ്, ചാലാംപാടം, ക്രൈസ്റ്റ് കോളേജ് എന്നീ വാർഡുകൾക്ക് മാത്രമാണ് പരിഗണനയെന്നും വാർഡ് 23 ൽ ഡിസ്മസ് റോഡിന് മാത്രമായി 23 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നതെന്നും സണ്ണി സിൽക്ക്സിന് മുന്നിലുള്ള റോഡിൻ്റെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങളാണ് ഇതിനകം പാഴാക്കി കളഞ്ഞിരിക്കുന്നതെന്നും പുതിയ ഭേദഗതികളോടെ വീണ്ടും കൗൺസിൽ വിളിക്കേണ്ടി വരുമെന്നും പ്ലാക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച് കൊണ്ട് ബിജെപി അംഗങ്ങളായ ടി കെ ഷാജു, സന്തോഷ് ബോബൻ എന്നിവർ പറഞ്ഞു. സ്റ്റീയറിംഗ് കമ്മിറ്റി വിളിക്കാതെ ആദ്യമായിട്ടാണ് പദ്ധതി ഭേദഗതി കൊണ്ട് വരുന്നതെന്നും ഭരണപക്ഷത്ത് 17 പേർ മാത്രമാണുള്ളതെന്നും ഭൂരിപക്ഷം പ്രതിക്ഷത്താണെന്നും വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് എൽഡിഎഫ് അംഗം സി സി ഷിബിനും പറഞ്ഞു. യാതൊരു കൂടിയാലോചനകളുമില്ലാതെയാണ് ഭേദഗതികൾ കൊണ്ട് വന്നിരിക്കുന്നതെന്ന് തുടർന്ന് സംസാരിച്ച എൽഡിഎഫ് അംഗങ്ങളായ അൽഫോൺസ തോമസ്, അംബിക പള്ളിപ്പുറത്ത്, നസീമ കുഞ്ഞുമോൻ, എന്നിവരും ചൂണ്ടിക്കാട്ടി. രണ്ട് ദിവസം മുമ്പ് മാത്രമാണ് പദ്ധതി ഭേദഗതി സംബന്ധിച്ച അറിയിപ്പ് കിട്ടിയതെന്നും പാകപ്പിഴകൾ ഉണ്ടെങ്കിൽ പരിശോധിക്കാമെന്നും ഭരണകക്ഷി അംഗം ടി വി ചാർലി പറഞ്ഞു. കണക്കുകൾ കൊണ്ടുള്ള കളി മാത്രമാണ് നടക്കുന്നതെന്ന് എൽഡിഎഫ് അംഗം ടി കെ ജയാനന്ദൻ കുറ്റപ്പെടുത്തി. ഭേദഗതികൾ നവംബർ 16 ന് കൊടുക്കണമെന്ന് ഉത്തരവ് ഉള്ളതാണെന്ന് ഭരണകക്ഷി അംഗം ജെയ്സൻ പാറേക്കാടൻ പറഞ്ഞു. ഒരു വാർഡിനും പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്നും 41 വാർഡുകൾക്കും 13 ലക്ഷത്തോളം രൂപ തുല്യമായി വച്ചിട്ടുണ്ടെന്നും ചെയർപേഴ്സനും വൈസ്-ചെയർമാൻ ബൈജു കുറ്റിക്കാടനും വിശദീകരിച്ചു. എന്നാൽ പ്രതിപക്ഷം വിയോജിപ്പുകളിൽ ഉറച്ച് നില്ക്കുകയും അജണ്ട അംഗീകരിക്കുന്നില്ലെന്നും ആവർത്തിച്ചതോടെ അടുത്ത ദിവസം സ്റ്റീയറിംഗ് കമ്മിറ്റി വിളിക്കാമെന്നും ഭേദഗതികൾ ചർച്ച ചെയ്യാമെന്നും ചെയർപേഴ്സൺ പ്രഖ്യാപിച്ചു. നാലരക്കോടി രൂപയുടെ പദ്ധതി ഭേദഗതികളാണ് അവതരിപ്പിച്ചത്. യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.