ഇരിങ്ങാലക്കുട നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി / അമ്യത് എജൻസിയിൽ നിന്നും ഗ്രാൻ്റ് ലഭിക്കില്ല; ബദൽ വഴികൾ തേടി നഗരസഭ; ഡിപിആർ തയ്യാറാക്കിയ എജൻസിക്ക് നഗരസഭ നല്കാനുള്ളത് ലക്ഷങ്ങൾ
ഇരിങ്ങാലക്കുട : ആധുനിക അറവുശാല നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും അമൃത് പദ്ധതിയിൽ നിന്നുമുള്ള ഗ്രാൻ്റ് സാധ്യത മങ്ങിയതോടെ ഫണ്ട് കണ്ടെത്താനുള്ള ബദൽ വഴികൾ തേടി ഇരിങ്ങാലക്കുട നഗരസഭ. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഫാമിംഗ് ആൻ്റ് ഫുഡ് പ്രൊസ്സസ്സിംഗ് ഏജൻസിയുടെ നേതൃത്വത്തിൽ അറവുശാലയ്ക്കായി സമഗ്രമായ പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഫണ്ട് വിഷയത്തിൽ തട്ടി തുടർനടപടികൾ നീളുകയായിരുന്നു. കോമ്പാറയിൽ നഗരസഭയുടെ അറുപത് സെൻ്റ് സ്ഥലത്ത് പ്രവർത്തിച്ചിരുന്ന അറവുശാലയ്ക്ക് 2012 ഏപ്രിൽ 22 നാണ് പൂട്ട് വീണത്. അറവുശാല കെട്ടിടത്തിൻ്റെ മതിൽ ഇടിഞ്ഞ് വീഴുകയും മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകുകയും സമീപത്തെ കിണറുകൾ മലിനമാവുകയും ചെയ്തതോടെ പരിസരവാസികൾ പ്രതിഷേധവുമായി രംഗത്ത് വരികയും അറവുശാലയുടെ പ്രവർത്തനം താത്കാലികമായി നിറുത്തുകയായിരുന്നു. എതാനും മാസങ്ങൾക്കുള്ളിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അന്നത്തെ നഗരസഭ ഭരണനേതൃത്വം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തനം തുടരാൻ കഴിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസും നൽകിയതോടെ നഗരസഭയുടെ മുന്നിലുള്ള താത്കാലികമാർഗ്ഗങ്ങൾ അടയുകയായിരുന്നു. തുടർന്നാണ് കിഫ്ബി, അമ്യത് പദ്ധതികളിൽ നിന്നും ഗ്രാൻ്റിൻ്റെ സാധ്യത തേടി ആധുനിക അറവുശാല യാഥാർഥ്യമാക്കാനുള്ള ആലോചനകൾ സജീവമാക്കിയത്. ഇതിൻ്റെ മുന്നോടിയായിട്ടാണ് സർക്കാരിൻ്റെ അംഗീകൃത ഏജൻസിയായ സെൻ്റർ ഫോർ ഫാമിംഗ് ആൻ്റ് ഫുഡ് പ്രൊസ്സസിംഗ് ഏജൻസിയെ കൊണ്ട് ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്. 1800 പേജ് ഉള്ള വിശദമായ റിപ്പോർട്ടാണ് എജൻസിയിലെ വിദഗ്ധൻ ഡോ ടി വി മോഹനൻ്റെ നേതൃത്വത്തിൽ തയ്യാറാക്കി നൽകിയിരിക്കുന്നത്. 18.5 കോടി രൂപയാണ് നിർമ്മാണത്തിനായി കണക്കാക്കിയിരിക്കുന്നത്.ഡിപിആർ തയ്യാറാക്കാനുള്ള 15 ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ മാത്രമാണ് നഗരസഭ മാസങ്ങൾ പിന്നിട്ടിട്ടും നൽകിയിരിക്കുന്നത്. ഇതിനിടയിൽ കോമ്പാറയിലെ അറവുശാല കെട്ടിടം നഗരസഭ പൂർണ്ണമായും പൊളിച്ച് നീക്കുകയും ചെയ്തു.
അറവുശാല നിർമ്മാണത്തിനും നടത്തിപ്പിനും ടെണ്ടർ വിളിക്കാനും ഇതിന് ആവശ്യമായ ഫണ്ട് കിഫ്ബിയിൽ നിന്ന് അഞ്ച് ശതമാനം പലിശ നിരക്കിൽ
കണ്ടെത്താനും പന്ത്രണ്ട് വർഷത്തെ നടത്തിപ്പിന് ശേഷം അറവുശാല നഗരസഭയ്ക്ക് കൈമാറാനുള്ള ആലോചനകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കിഫ്ബി ലോൺ പലിശ സഹിതം നിർമ്മാണ ടെണ്ടർ എടുക്കുന്ന വ്യക്തി അടച്ച് തീർക്കണം. കൊച്ചി, തൃശ്ശൂർ, പുനലൂർ , ആറ്റിങ്ങൽ എന്നീ തദ്ദേശസ്ഥാപനങ്ങൾ ഇതേ മാതൃകയിലാണ് മുന്നോട്ട് നീങ്ങുന്നത്. ഡിപിആർ തയ്യാറാക്കിയതിൻ്റെ മുഴുവൻ തുക പദ്ധതി റിവിഷനിൽ ഉൾപ്പെടുത്തി നൽകുമെന്നാണ് നഗരസഭ അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നത്.