ബാലസംഘം ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണമെന്ന ദേശീയ ബാലവകാശ കമ്മീഷൻ്റെ നിലപാട് കാപട്യമെന്നും മത ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള നിരീക്ഷണങ്ങളാണ് കമ്മീഷൻ അധ്യക്ഷൻ നടത്തുന്നതെന്നും ഡോ ഷിജു ഖാൻ
ഇരിങ്ങാലക്കുട : രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണമെന്ന ദേശീയ ബാലവകാശ കമ്മീഷൻ്റെ നിലപാട് കാപട്യമെന്ന് ബാലസംഘം മുൻ സംസ്ഥാന സെക്രട്ടറി ഡോ ഷിജുഖാൻ. ഔപചാരിക വിദ്യാഭ്യാസം ഇന്ത്യൻ ഗ്രാമങ്ങളിൽ ഇനിയും ലഭ്യമായിട്ടില്ലെന്ന യാഥാർഥ്യമാണ് വ്യക്തമാക്കുന്നതെന്നും മികച്ച സ്കൂളുകൾ വേണമെന്ന് എന്ത് കൊണ്ട് കമ്മീഷൻ കേന്ദ്ര സർക്കാരിനോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെടുന്നില്ലെന്നും ഡോ ഷിജു ഖാൻ ചോദിച്ചു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഔപചാരിക വിദ്യാഭ്യാസത്തിന് മറ്റൊരു സ്ഥാപനത്തെയും ആശ്രയിക്കേണ്ട അവസ്ഥയില്ല. അത് കൊണ്ട് കമ്മീഷൻ അയച്ച കത്ത് കേരളത്തിൽ പ്രസക്തമല്ല. മത ധ്രുവീകരണം ലക്ഷ്യം വച്ച് കൊണ്ടുള്ള നിരീക്ഷണങ്ങളാണ് ബാലവകാശ കമ്മീഷൻ അധ്യക്ഷൻ നടത്തുന്നതെന്നും ഡോ ഷിജുഖാൻ കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു, സംഘാടക സമിതി ചെയർമാൻ വി എ മനോജ് കുമാർ, ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഷറഫ്,സംസ്ഥാന കോർഡിനേറ്റർ എം രൺധീഷ്, ജില്ലാ സെക്രട്ടറി അഖില നന്ദകുമാർ, ജില്ലാ കോർഡിനേറ്റർ ടി കെ അമൽറാം, പി കെ ഡേവിസ്മാസ്റ്റർ ,ടി എസ് സജീവൻമാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.