സാംസ്കാരിക നഗരിയിൽ ഇനി നാടകക്കാലം; പുല്ലൂർ നാടകരാവിന് ഒക്ടോബർ 21 ന് തിരിതെളിയും; പുല്ലൂർ ചമയം അവാർഡുകൾ പി കെ കിട്ടൻ മാസ്റ്റർക്കും കെ വി രാമകൃഷ്ണനും
ഇരിങ്ങാലക്കുട : സാംസ്കാരിക നഗരത്തിൽ ഇനി നാടകക്കാലം.പുല്ലൂർ നാടക രാവിന് ഒക്ടോബർ 21 ന് തിരി തെളിയും. 21 മുതൽ 27 വരെ വിവിധ സാംസ്കാരിക പരിപാടികളോടെ നടത്തുന്ന നാടക രാവ് 21 ന് വൈകീട്ട് 5.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ എ എൻ രാജൻ , മുൻ എംപി പ്രൊഫ സാവിത്രി ലക്ഷ്മണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മികച്ച സാംസ്കാരിക പ്രവർത്തകനുള്ള കെ വി രാമനാഥൻ മാസ്റ്റർ പുരസ്കാരം കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയുടെ പ്രസിഡണ്ട് പി കെ കിട്ടൻ മാസ്റ്റർക്കും ജോസ് പായമ്മൽ സ്മാരക അവാർഡ് തൃപ്രയാർ നാടകവിരുന്നിൻ്റെ സംഘാടകൻ കെ വി രാമകൃഷ്ണനും നൽകും. പ്രശസ്തി പത്രവും പൊന്നാടയും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. സംഘാടകരായ ബിജു ചന്ദ്രൻ, ബാലൻ അമ്പാടത്ത്, യമുന വയലാർ, രവി അമ്പാട്ട്, പ്രഭാകരൻ ഇരിങ്ങാലക്കുട എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.