ഭരണസമിതിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഭരണകക്ഷി അംഗങ്ങൾ ഇറങ്ങിപ്പോയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം; കൗൺസിൽ നടപടികൾ സ്തംഭിച്ചു; പ്രതിപക്ഷമെമ്പറുടെ മോശം പദപ്രയോഗമാണ് ഗ്രൂപ്പ് വിടാൻ കാരണമായതെന്ന് വിശദീകരിച്ച് ഭരണ നേതൃത്വം; ബഹളങ്ങൾക്കിടയിൽ ഭരണകക്ഷി അംഗം നടത്തിയ പരാമർശത്തെ ചൊല്ലിയും പ്രതിഷേധം; പ്രതിപക്ഷ അംഗങ്ങളുടെ ഇറങ്ങിപ്പോക്കും കുത്തിയിരുപ്പ് സമരവും ; ചർച്ചകൾ കൂടാതെ അജണ്ടകൾ പാസ്സാക്കി ഭരണപക്ഷം.
ഇരിങ്ങാലക്കുട : നഗരസഭ ഭരണസമിതിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഭരണകക്ഷി അംഗങ്ങൾ ഇറങ്ങിപ്പോയതിനെ ചൊല്ലി നഗരസഭ യോഗത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. നിശ്ചിത അജണ്ടകൾക്ക് മുമ്പായി എൽഡിഎഫും ബിജെപി യും വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഴുന്നേറ്റപ്പോൾ അടിയന്തര കൗൺസിൽ ആണെന്നും അജണ്ടകൾക്ക് ശേഷം ചർച്ച ചെയ്യാമെന്നും ആക്ടിംഗ് ചെയർമാൻ ബൈജു കുറ്റിക്കാടൻ വിശദീകരിച്ചു. എന്നാൽ ഔദ്യോഗിക ഗ്രൂപ്പിൽ നിന്ന് ഭരണകക്ഷി അംഗങ്ങളും സെക്രട്ടറിയും ജീവനക്കാരും ഇറങ്ങിപ്പോയത് തോന്നിവാസമാണെന്നും ഇത് നടക്കില്ലെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ പറഞ്ഞു. പ്രതിപക്ഷം വിമർശനം കടുപ്പിച്ചതോടെ അധ്യക്ഷന് പിന്തുണയുമായി ഭരണകക്ഷി അംഗങ്ങളും എഴുന്നേറ്റു.ബഹളങ്ങൾക്കിടയിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു പ്രതിപക്ഷ അംഗത്തിൻ്റെ ഭാഗത്ത് നിന്നും പാർലമെൻ്ററിയല്ലാത്ത പദപ്രയോഗങ്ങൾ ഉണ്ടായെന്നും ഗ്രൂപ്പിൽ ഇല്ലാത്തവരെ അധിക്ഷേപിച്ചെന്നും ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് ബഹിഷ്ക്കരിച്ചതെന്നും ആക്ടിംഗ് ചെയർമാൻ വിശദീകരിച്ചു. ഇത് സംബന്ധിച്ച് പ്രതിപക്ഷ കക്ഷി നേതാക്കളെയും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരെയും വിളിച്ച് ചർച്ച നടത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും നഗരസഭയിൽ ഭരണസ്തംഭനമാണ് ഉണ്ടായിരിക്കുന്നതെന്നും എൽഡിഎഫ് അംഗം സി സി ഷിബിൻ ചൂണ്ടിക്കാട്ടി. ആരാണ് മോശമായ പദപ്രയോഗം നടത്തിയതെന്ന് ഭരണപക്ഷം വ്യക്തമാക്കണമെന്ന് എൽഡിഎഫ് അംഗം മാർട്ടിൻ ആലേങ്ങാടൻ ആവശ്യപ്പെട്ടു. ബഹളങ്ങൾക്കിടയിൽ ഭരണപക്ഷത്ത് നിന്ന് ബിജു പോൾ അക്കരക്കാരൻ നടത്തിയ സെപ്റ്റിക് ടാങ്ക് പ്രയോഗം പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ഗ്രൂപ്പിൽ നിന്നും സെക്രട്ടറിയും ജീവനക്കാരും ഓടിപ്പോയത് ധിക്കാരമാണെന്നും ഒരാളുടെ ഭൂരിപക്ഷത്തിൽ മാത്രമാണ് ഭരണം മുന്നോട്ട് പോകുന്നതെന്ന് ഓർക്കണമെന്നും കെ ആർ വിജയ വിമർശിച്ചു. ആക്ഷേപം ഉണ്ടായിരുന്നുവെങ്കിൽ സർവകക്ഷി യോഗം വിളിക്കാമായിരുന്നുവെന്നും എല്ലാ സംവിധാനങ്ങളെയും ഭരണപക്ഷം തകർത്തുവെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബനും കുറ്റപ്പെടുത്തി. ഭരണകക്ഷി അംഗത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായ പ്രയോഗം താൻ കേട്ടിട്ടില്ലെന്നും ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും പട്ടണത്തിലെ തകർന്ന് കിടക്കുന്ന റോഡുകളുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അജണ്ടകൾ പാസ്സാക്കേണ്ടതുണ്ടെന്നും മറ്റ് വിഷയങ്ങൾ യോഗത്തിന് ശേഷം സംസാരിക്കാമെന്നും ആക്ടിംഗ് ചെയർമാൻ പറഞ്ഞു. എന്നാൽ മോശം പ്രയോഗം നടത്തിയ ബിജു പോൾ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ യോഗത്തിൽ നിന്നും മാറ്റി നിറുത്തണമെന്നും ഇല്ലെങ്കിൽ യോഗം പിരിച്ച് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ ബിജെപി അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു. ബഹളങ്ങൾക്കിടയിൽ എല്ലാ അജണ്ടകളും വായിച്ച് അംഗീകരിച്ചു. യോഗത്തിൽ ആക്ടിംഗ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. അജണ്ടകൾ എകപക്ഷീയമായി പാസ്സാക്കിയതിൽ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് എൽഡിഎഫും ബിജെപി യും പിന്നീട് സെക്രട്ടറിക്ക് കത്ത് നൽകി. എന്നാൽ അജണ്ടകൾ വായിക്കുന്ന സമയത്ത് യോഗത്തിൽ തങ്ങൾക്ക് ഭൂരിപക്ഷമുണ്ടായിരുന്നുവെന്ന് ഭരണപക്ഷം വിശദീകരിച്ചു.