കായികരംഗത്ത് നേട്ടങ്ങൾ കൈവരിച്ച ക്രൈസ്റ്റ് കോളേജിന് ആദരം ;കോളേജിന് സിന്തറ്റിക് കോർട്ടും സായി സെൻ്ററും അനുവദിക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി…

കായികരംഗത്ത് നേട്ടങ്ങൾ കൈവരിച്ച ക്രൈസ്റ്റ് കോളേജിന് ആദരം ;കോളേജിന് സിന്തറ്റിക് കോർട്ടും സായി സെൻ്ററും അനുവദിക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഇരിങ്ങാലക്കുട : കായികരംഗത്ത് മുന്നിൽ നില്ക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സിന്തറ്റിക് കോർട്ടും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെൻ്ററും അനുവദിച്ച് നൽകാൻ ആത്മാർത്ഥ ശ്രമങ്ങൾ നടത്തുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തുടർച്ചയായ എട്ടാം തവണയും കായിക രംഗത്ത് സർവകലാശാല ജേതാക്കളായ ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളെയും കായിക അധ്യാപകരെയും മാനേജ്മെൻ്റിൻ്റെയും ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് വകുപ്പുകളിൽ കൈ കടത്തരുതെന്നാണ് മന്ത്രിമാർക്ക് പ്രധാനമന്ത്രിയിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുള്ളത്. തനിക്ക് ലഭിക്കുന്ന നിവേദനങ്ങളിൽ 95 ശതമാനവും മറ്റ് വകുപ്പുകളെ സംബന്ധിച്ചാണ്. തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത് അനുസരിച്ച് കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും ആന്ധ്രയുടെയും മുഴുവൻ എംപി യായി പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ തുടരും. തൻ്റെയുള്ളിൽ പ്രണയത്തിൻ്റെ കാറ്റ് വീശിയത് ക്രൈസ്റ്റിൻ്റെ അങ്കണത്തിൽ നിന്നാണെന്ന് ഇടവേള എന്ന ചിത്രത്തെയും സംവിധായകൻ മോഹനെയും നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയെയും പരാമർശിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് സ്വാഗതവും വൈസ്-പ്രിൻസിപ്പൽ പ്രൊഫ മേരി പത്രോസ് നന്ദിയും പറഞ്ഞു . നേരത്തെ കോളേജിൻ്റെ നേതൃത്വത്തിൽ സ്നേഹഭവൻ കോംപൗണ്ടിൽ സജ്ജീകരിച്ചിട്ടുള്ള ഇന്നവേഷൻസ് ആൻ്റ് ആഗ്രോപാർക്കിൻ്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു.

Please follow and like us: