സബ്സിഡി ഇനങ്ങൾക്ക് മുപ്പത് ശതമാനവും ഡീപ്പ് ഡിസ്കൗണ്ട് മണിക്കൂറുകളിൽ മാവേലി ഇതര ഇനങ്ങൾക്ക് നാല്പത് ശതമാനം വിലക്കിഴിവുമായി സപ്ലൈകോയുടെ ഓണച്ചന്തയ്ക്ക് തുടക്കമായി
ഇരിങ്ങാലക്കുട : ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ ഓണച്ചന്തയുമായി സപ്ലൈകോ . കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ ഈ വർഷത്തെ ഓണച്ചന്ത ഠാണാവിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മുഴുവൻ സബ്സിഡി ഇനങ്ങളും മുപ്പത് ശതമാനം വിലക്കിഴവിൽ ലഭിക്കും. ഉച്ചയ്ക്ക് 2 മുതൽ നാല് മണി വരെയുള്ള ‘ഡീപ്പ് ഡിസ്കൗണ്ട് ഔവറിൽ ‘ 200 ഓളം മാവേലിഇതര ഇനങ്ങൾ നാല്പത് ശതമാനം വിലക്കിഴിവിലും ലഭിക്കും. സെപ്തംബർ 10 മുതൽ സെപ്തംബർ 14 വരെ രാവിലെ 10 മുതൽ 8 വരെ പ്രവർത്തിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവഹിച്ചു. വാർഡ് കൗൺസിലർ അഡ്വ കെ ആർ വിജയ അധ്യക്ഷയായിരുന്നു. താലൂക്ക് സപ്ലൈ ഓഫീസർ ഷാജി കെ ആദ്യ വില്പന നിർവഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി എ മനോജ്കുമാർ, സോമൻ ചിറ്റേത്ത് , കെ എ റിയാസുദ്ദീൻ , ടി കെ വർഗ്ഗീസ് മാസ്റ്റർ, സപ്ലൈകോ ജൂനിയർ മാനേജർ ലിജ എൻ പിള്ള , ഓഫീസർ ഇൻ ചാർജ്ജ് വിൽസി സി ഡി എന്നിവർ സംസാരിച്ചു.