സച്ചിദായ്ക്ക് എഴുത്തുലോകത്തിൻ്റെയും സഹൃദയരുടെയും ആദരം ; അനീതിക്കും ഫാസിസത്തിനുമെതിരെ നിരന്തരമായി ശബ്ദം മുഴക്കാൻ മലയാളിയുടെ എഴുത്തിനെ ലോകത്തോളം എത്തിച്ച സച്ചിദാനന്ദന് കഴിഞ്ഞതായി എം മുകുന്ദൻ; സച്ചിദാനന്ദം കാവ്യോത്സവത്തിന് കൊടിയിറങ്ങി….

സച്ചിദായ്ക്ക് എഴുത്തുലോകത്തിൻ്റെയും സഹൃദയരുടെയും ആദരം ; അനീതിക്കും ഫാസിസത്തിനുമെതിരെ നിരന്തരമായി ശബ്ദം മുഴക്കാൻ മലയാളിയുടെ എഴുത്തിനെ ലോകത്തോളം എത്തിച്ച സച്ചിദാനന്ദന് കഴിഞ്ഞതായി എം മുകുന്ദൻ; സച്ചിദാനന്ദം കാവ്യോത്സവത്തിന് കൊടിയിറങ്ങി.

 

ഇരിങ്ങാലക്കുട :അറുപതാണ്ടുകളുമായി മലയാളിയുടെ ജീവിതത്തിലും സംസ്കാരത്തിലും നിറഞ്ഞു നിൽക്കുന്ന സച്ചിദായ്ക്ക് എഴുത്തുലോകത്തിൻ്റെയും സഹൃദയരുടെയും ആദരം. ആധുനിക മലയാളിയെ രൂപപ്പെടുത്തുന്നതിലും മലയാളിയുടെ എഴുത്തിനെ ലോകത്തോളം എത്തിക്കുന്നതിലും നീതിക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തുടർച്ചയായ ഇടപെടലുകളിലൂടെയും ശക്തമായ സാന്നിധ്യമായി തുടരുന്ന സച്ചിദാനന്ദൻ അധ്യാപന ജീവിതത്തിൻ്റെ ഇരുപത്തിരണ്ട് വർഷങ്ങൾ ചിലവഴിച്ച ക്രൈസ്റ്റ് കലാലയത്തിൽ സച്ചിദാനന്ദം കാവ്യോൽസവം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയാണ് ആദരവിൻ്റെയും സച്ചിദാനന്ദൻ്റെ എഴുത്ത് ജീവിതത്തിൻ്റെയും സമഗ്രമായ പഠനങ്ങളുടെയും വേദിയായി മാറിയത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന കാവ്യമഹോൽസവ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. സവർണാധിപത്യത്തിൻ്റെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഇടമായ ഡൽഹിയിൽ ദളിത് ശബ്ദങ്ങൾക്ക് ഇടം ലഭിച്ചത് സച്ചിദാനന്ദൻ കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറിയായി വന്നപ്പോഴാണെന്നും ഫാസിസത്തിനും അനീതിക്കുമെതിരെ നിരന്തരമായി ശബ്ദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായി എം മുകുന്ദൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ ശക്തമായ പ്രതിപക്ഷത്തെ സൃഷ്ടിക്കാൻ ഇന്ത്യൻ ജനതയ്ക്ക് കഴിഞ്ഞുവെന്നും

ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ശക്തമായി നിലകൊള്ളാൻ സച്ചിദാനന്ദന് കഴിഞ്ഞതായി സാറാ ജോസഫും തൻ്റെ തലമുറയുടെ കാവ്യ, വിചാര ജീവിതത്തെ രൂപപ്പെടുത്തുന്നതിലും സച്ചിദാനന്ദൻ്റെ രചനകൾ നിർണ്ണായകമായെന്ന് സുനിൽ പി ഇളയിടവും മലയാളിയുടെ എഴുത്തിനെ ആഗോളതലത്തിൽ രേഖപ്പെടുത്തുന്നതിൽ സച്ചിദാനന്ദൻ പ്രധാന പങ്ക് വഹിച്ചതായി ടി ഡി രാമകൃഷ്ണനും മലയാള കവിതയെ ഇന്നലെകളിൽ നിന്ന് ഇന്നിലേക്ക് നയിച്ച ശ്രേഷ്ഠ കവിയാണ് സച്ചിദാനന്ദനെന്ന് കെ വി രാമകൃഷ്ണനും ചൂണ്ടിക്കാട്ടി. ജനറൽ കൺവീനർ ഡോ സി രാവുണ്ണി , അശോകൻ ചരുവിൽ, കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീനിക്കപ്പറമ്പിൽ, കരിവെള്ളൂർ മുരളി, മുരളി വെട്ടത്ത്, വിജയരാജമല്ലിക , ഷീജ വക്കം തുടങ്ങിയവർ സംസാരിച്ചു. സച്ചിദാനന്ദൻ്റെ മൂന്ന് പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. കാവ്യോൽസവത്തോടനുബന്ധിച്ച് നടത്തിയ മൽസരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.

Please follow and like us: