ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ അമൃത് കുടിവെള്ളപദ്ധതി നടത്തിപ്പ് മന്ദഗതിയിൽ

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ അമൃത് കുടിവെള്ളപദ്ധതി നടത്തിപ്പ് മന്ദഗതിയിൽ; പദ്ധതിക്കായി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികളും നീളുന്നു; നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റീടാറിംഗ് പ്രവൃത്തികളും നീളുമെന്ന് സൂചന.
ഇരിങ്ങാലക്കുട : കുടിവെള്ള ശ്യംഖല ശക്തിപ്പെടുത്താനും ശുദ്ധജലകണക്ഷനുകൾ നൽകാനും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വിവിധ വാർഡുകളിൽ നടപ്പിലാക്കുന്ന അമ്യത് പദ്ധതി മന്ദഗതിയിൽ. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് 1500 കണക്ഷനുകൾ നൽകാൻ ലക്ഷ്യമിട്ട് എഴ് കോടി രൂപയുടെ പദ്ധതികൾ വിവിധ വാർഡുകളിലായി നടപ്പിലാക്കാൻ ആരംഭിച്ചത്. കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റലും പുതിയവ സ്ഥാപിക്കലും ടാങ്ക് നിർമ്മാണവുമെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൈപ്പിടൽ പ്രവ്യത്തികൾ ഭൂരിപക്ഷം വാർഡുകളിലും പൂർത്തിയായെങ്കിലും പൈപ്പിടാൻ വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ എവിടെയും എത്തിയിട്ടില്ല. നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ഉണ്ടായ പൈപ്പ് ലീക്കുകൾ തീർത്ത് അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ വിവിധ യോഗങ്ങളിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പൂർത്തിയായിട്ടില്ല. ചില റോഡുകളിൽ ജിഎസ്ബി ഇട്ട് കുഴികൾ അടച്ചെങ്കിലും കരാർ പ്രകാരമുള്ള കോൺക്രീറ്റിംഗ് ആരംഭിച്ചിട്ടില്ല. എട്ട് മാസങ്ങൾ പിന്നിടുമ്പോൾ പദ്ധതിയുടെ 35 % മാത്രമേ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളുവെന്ന് അധികൃതർ തന്നെ സൂചിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രധാനമായും നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. വിഷയത്തിൽ നഗരസഭയും വാട്ടർ അതോറിറ്റിയും നിരന്തരം ഇടപെടുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. പദ്ധതിക്കായി ഭാഗികമായി പൊളിച്ച റോഡുകളിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ മറ്റ് വാർഡുകളിലെ റോഡുകൾ പൈപ്പിടാൻ കുഴിക്കുന്നത് തുടരുകയാണ്. പൊളിച്ചിട്ട റോഡുകളിലെ ലീക്കേജുകളും അറ്റകുറ്റപ്പണികളും തീർക്കാതെ 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയ റോഡുകളിലെ ടാറിംഗ് പണികൾ ആരംഭിക്കാൻ കഴിയില്ലെന്ന സാഹചര്യവുമുണ്ട്. വാർഡ് 22 ൽ തന്നെ നാലോളം റോഡുകൾ ഈ പട്ടികയിൽ ഉണ്ടെന്ന് കൗൺസിലർ ഒ എസ് അവിനാശ് സൂചിപ്പിക്കുന്നു. നഗരസഭ ഓഫീസിലേക്ക് ഔദ്യോഗിക വാഹനങ്ങളിൽ ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർ എത്തിച്ചേരാൻ ആശ്രയിക്കുന്ന അയ്യങ്കാവ് ടെംപിൾ റോഡ് അമൃത് പദ്ധതിക്ക് മുമ്പ് തന്നെ തകർന്ന അവസ്ഥയിലാണ് . പദ്ധതിയുടെ പൂർത്തീകരണം സംബന്ധിച്ച് കൃത്യമായ ഉറപ്പ് നൽകാൻ കഴിയാത്ത അവസ്ഥയിലാണ് അധികൃതർ ഇപ്പോൾ
Please follow and like us: