മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ജനകീയ സദസ്സ്; പഞ്ചായത്തുകളെ ബന്ധപ്പെടുത്തിയുള്ള ഗ്രാമവണ്ടിക്കായി എംഎൽഎ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചതായും നെടുമ്പാശ്ശേരി , പഴനി, ചമ്രവട്ടം വഴി കോഴിക്കോട് ഉൾപ്പെടെയുളള സർവീസുകൾ പരിഗണനയിലെന്നും മന്ത്രി ഡോ ആർ ബിന്ദു.
ഇരിങ്ങാലക്കുട :മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളിലേക്കുള്ള പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ജനകീയ സദസ്സ്.മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ പഞ്ചായത്തുകളെ ബന്ധപ്പെടുത്തി ഗ്രാമവണ്ടി ഉടൻ ആരംഭിക്കുമെന്നും ഇതിനായി 12 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നും വെള്ളാനിക്കോട്, മതിലകം, മെഡിക്കൽ കോളേജ്, പഴനി, നെടുമ്പാശ്ശേരി, ചമ്രവട്ടം വഴി കോഴിക്കോട് , മതിലകത്ത് നിന്നും മെഡിക്കൽ കോളേജ് എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും ഡൈവർമാരുടെ ലഭ്യത അനുസരിച്ച് ആരംഭിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജനകീയ സദസ്സിൽ പുതിയ റൂട്ടുകളുടെയും ഇരിങ്ങാലക്കുട മേഖലയിലെ ഗതാഗത നവീകരണ ആശയങ്ങളും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാർ ജനപ്രതിനിധികൾ പൊതുപ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ , ബസ്സ് ഓണേഴ്സ് അസോസിയേഷൻ അംഗങ്ങൾ , വ്യപാരി വ്യവസായി അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലത ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി,ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ലത, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട ജോയിൻ്റ് ആർ ടി ഒ ബിജു ഐസക്ക് സ്വാഗതവും അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ സുജിത്ത് നന്ദിയും പറഞ്ഞു.