അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലേക്കും; ഇരിങ്ങാലക്കുട നഗരസഭയിൽ ഇതിനകം പൂർത്തീകരിച്ചത് രണ്ട് റോഡുകളുടെ നിർമ്മാണം.
ഇരിങ്ങാലക്കുട :അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലേക്കും . നിർമ്മാണ സാമഗ്രികൾ ടെണ്ടർ ചെയ്ത് നേടിയും തൊഴിലുറപ്പ് പ്രവർത്തകരെ ഉപയോഗിച്ചും ഇരിങ്ങാലക്കുട നഗരസഭ രണ്ട് നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. വാർഡ് 11 ൽ 2023- 24 പദ്ധതി പ്രകാരം നിർമ്മാണം ഇന്റർലോക്ക് ടൈൽ റോഡിന്റെ ഉദ്ഘാടനംനഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി ഷാജിക്ക് എം എച്ച് റിപ്പോർട്ട് അവതരിപ്പിച്ചു, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറം, ജെയ്സൺ പാറേക്കാടൻ,കൗൺസിലർ അൽഫോൻസാ തോമസ് എന്നിവർ ആശംസകൾ നേർന്നു. വാർഡ് കൗൺസിലർ എം ആർ ഷാജു സ്വാഗതവും തൊഴിലുറപ്പ് ഓവർസീർ സിജിൻ ടി എസ് നന്ദിയും പറഞ്ഞു. 146148 രൂപ ചെലവിൽ 28 അവിദഗ്ദ്ധ തൊഴിൽ ദിനങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. വാർഡ് 31 ലാണ് പദ്ധതിയുടെ ഭാഗമായി ആദ്യ നിർമ്മാണം നടത്തിയത്. സമാനമായ പ്രവർത്തനങ്ങൾ മറ്റ് വാർഡുകളിലും ആവിഷ്ക്കരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.