ഓൺലൈൻ തട്ടിപ്പ്; തൃശ്ശൂർ സ്വദേശികളായ ദമ്പതികളുടെ പക്കൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി പിടിയിൽ.
ഇരിങ്ങാലക്കുട :വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻതോതിൽ പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ച് തൃശ്ശൂർ സ്വദേശിയുടേയും ഭാര്യയുടേയും പക്കൽ നിന്ന് വിവിധ കാലയളവിലായി 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസ്സിൽ ഒരാൾ തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസിൻെറ പിടിയിലായി. മലപ്പുറം കടപ്പാടി പൂതംകുറ്റി വീട്ടിൽ സ്വദേശിയായ ഷാജഹാൻ എന്നയാളാണ് സൈബർ പോലീസിൻെറ പിടിയിലായത്. ഷെയർ കൺസൾട്ടൻ്റാണെന്നും ഓണലൈൻ ട്രേഡിംഗിലൂടെ പണം സമ്പാദിക്കുന്നതിന് പരിശീലനം നൽകാമെന്നും മറ്റുമുള്ള വീഡിയോകൾ ഫേസ്ബുക്കിലൂടെ കണ്ട ആവലാതിക്കാരൻ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പരസ്യത്തിൽ കാണിച്ചിട്ടുള്ള ലിങ്കിൽ ക്ളിക്ക് ചെയ്തതാണ് തട്ടിപ്പിൻ്റെ തുടക്കം. ലിങ്കിൽ ക്ളിക്ക് ചെയ്ത ആവലാതിക്കാരനെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയും തുടർന്ന് ട്രേഡിംഗിനെപറ്റിയുള്ള വീഡിയോകൾ അയച്ച് കൊടുത്ത് വിശ്വസിപ്പിക്കുകയും ട്രേഡിംഗിനാണെന്ന വ്യാജേന മൊബൈലിൽ ഒരു ആപ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയുമായിരുന്നു. തുടർന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ട പ്രകാരം ട്രേഡിംഗ് ചെയ്യുന്നതിനായി പ്രതികൾ അയച്ച് കൊടുത്ത അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും ആയതിൻെറ ലാഭമെന്നോണം നേരത്തേ ഇൻസ്റ്റാൾ ചെയ്ത അപ്ളിക്കേഷനിൽ പണം വന്നതായി ഡിസ്പ്ളേ ചെയ്ത് കാണിച്ച് വിശ്വസിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ ആദ്യം കാണിച്ച തുകകൾ ആവലാതിക്കാർക്ക് പിൻവലിക്കാൻ സാധിച്ചു. തുടർന്ന് വിവിധ കാലയളവിലായി ട്രേഡിംഗിനാണെന്ന വ്യാജേന 43 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ പരാതിക്കാരെ കൊണ്ട് നിക്ഷേപിക്കുകയായിരുന്നു. റൂറൽ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസി ൻ്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വർഗ്ഗീസ് അലക്സാണ്ടർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. അന്വേഷണ സംഘത്തിൽ സൈബർക്രൈം ഉദ്യോഗസ്ഥരായ ബെന്നി ജോസഫ്, സി.എം. തോമസ്,അനൂപ് കുമാർ വി.ജി, മനോജ്.എ.കെ, ബിജു.കെ.ടി വനിതാ പോലീസ് സ്റ്റേഷൻ സീനിയർ സി.പി.ഒ സിന്ധു എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.