പട്ടണഹൃദയത്തിൽ വയോധിക ദമ്പതികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിലകൊള്ളുന്ന ജീർണ്ണിച്ച കെട്ടിടം പൊളിച്ച് മാറ്റുന്ന പണികൾ തുടങ്ങി…
ഇരിങ്ങാലക്കുട : പട്ടണഹൃദയത്തിൽ വയോധിക ദമ്പതികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിലകൊള്ളുന്ന ജീർണ്ണിച്ച കെട്ടിടം പൊളിച്ച് മാറ്റാനുള്ള പ്രവ്യത്തികൾ ആരംഭിച്ചു. ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിൽ തെക്കേക്കര വീട്ടിൽ ആൻ്റണിയുടെ വീടിനോട് ചേർന്നുള്ള താമസമില്ലാത്ത ഓടിട്ട കെട്ടിമാണ് ഉടമസ്ഥൻ കൊടയ്ക്കാടൻ ബാബുവിൻ്റെ നേതൃത്വത്തിൽ പൊളിച്ച് നീക്കുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്റെ ഓടുകൾ ഇറക്കി മാറ്റുന്ന പ്രവൃത്തിയാണ് തിങ്കളാഴ്ച ആരംഭിച്ചത്. പ്രവൃത്തികൾ വിലയിരുത്താൻ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. വയോധിക ദമ്പതികളുടെ വർഷങ്ങൾ നീണ്ട ഭീതികൾക്കും പരാതികൾക്കുമാണ് ഇതോടെ പരിഹാരമാകുന്നത്. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിനും നഗരസഭയ്ക്കും 2022 ൽ തന്നെ പരാതികൾ നൽകിയിരുന്നുവെങ്കിലും നടപടികളിലേക്ക് എത്തിയിരുന്നില്ല. കെട്ടിടം പൊളിച്ച് നീക്കേണ്ടതാണെന്ന് സ്ഥലം സന്ദർശിച്ച മന്ത്രിയും ആർഡിഒ യും വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ നഗരസഭയിൽ എഞ്ചിനീയറിംഗ് വിഭാഗം പരാതിക്കാരെയും കെട്ടിട ഉടമസ്ഥനെയും വിളിച്ച് നടത്തിയ ഹീയറിംഗിൽ കെട്ടിടം പൊളിച്ച് നീക്കാൻ ഉടമസ്ഥൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.