കരുവന്നൂര്‍ പുഴയിൽ ജലനിരപ്പ് ഉയർന്നു; ഇല്ലിക്കല്‍ റെഗുലേറ്ററിലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയതില്‍ മന്ത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാർ…

കരുവന്നൂര്‍ പുഴയിൽ ജലനിരപ്പ് ഉയർന്നു; ഇല്ലിക്കല്‍ റെഗുലേറ്ററിലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയതില്‍ മന്ത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാർ…

ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴയിലെ ജലനിരപ്പ് അഞ്ച് മീറ്റര്‍ വരെ ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. 2018 ല്‍ ഏഴു മീറ്റർ വരെയാണ് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത്. പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. തീരത്തുള്ള വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് അവര്‍ ബന്ധു വീടുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും താമസം മാറ്റി. രാവിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നടപടികള്‍ നേരിട്ട് വിശകലനം ചെയ്യുന്നതിനായി ഇല്ലിക്കല്‍ ഡാം പരിസരത്ത് സന്ദര്‍ശനം നടത്തി. ഈ സമയം ഇല്ലിക്കല്‍ റെഗുലേറ്ററിലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയതില്‍ പ്രതിഷേധവുമായി നാട്ടുകാർ പരാതിയുമായി മന്ത്രിക്കു മുമ്പിലെത്തി. മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെ.കെ അബ്ദുള്ളക്കുട്ടി, ചേര്‍പ്പ് മുന്‍ പഞ്ചായത്തംഗം കെ.ആര്‍ സിദാർത്ഥൻ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി മന്ത്രിക്കു മുമ്പിലെത്തിയത്. പുഴയ്ക്കു കുറുകെയുള്ള ഇല്ലിക്കല്‍ റെഗുലേറ്ററില്‍ വലിയ മരത്തടികളും മാലിന്യങ്ങളും തടഞ്ഞ് കിടക്കുന്നത് നീക്കം ചെയ്യണമെന്നും റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ റെഗുലേറ്ററിലെ ഷട്ടറുകളില്‍ തടഞ്ഞിരിക്കുന്ന മരത്തടികളും മാലിന്യങ്ങളും നീക്കം ചെയ്തു തുടങ്ങി. ക്രെയിന്‍ എത്തിച്ചാണ് വലിയ മരങ്ങള്‍ നീക്കം ചെയ്യുന്നത്. ഷട്ടറുകള്‍ പൂര്‍ണമായും ഉയര്‍ത്താത്തതാണ് മാലിന്യകൂമ്പാരം അടിഞ്ഞുകൂടാന്‍ ഇടയാക്കിയത്. ഇതോടൊപ്പം വലിയ മരങ്ങള്‍ ഒഴുകിയെത്തിയതോടെ ശോചനീയാവസ്ഥയിലുള്ള റെഗുലേറ്ററിന്റെ അവസ്ഥ കൂടുതല്‍ അപകടത്തിലായി. ഇതേത്തുടര്‍ന്നാണ് അടിയന്തിരമായി മാലിന്യനീക്കം ആരംഭിച്ചത്. തകരാറിലായ ചില ഷട്ടറുകള്‍ ഇപ്പോഴും ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല.

Please follow and like us: