കേന്ദ്ര ബജറ്റ്; ഇരിങ്ങാലക്കുടയിൽ നിന്നുള്ള റെയിൽവേ യാത്രക്കാരും നിരാശയിൽ ; അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ സമര പരിപാടികളിലേക്കെന്ന് പാസ്സഞ്ചേഴ്സ് അസോസിയേഷൻ…
ഇരിങ്ങാലക്കുട : കേന്ദ്ര ബജറ്റിൽ ഇരിങ്ങാലക്കുടയിൽ നിന്നുള്ള റെയിൽവേ യാത്രക്കാർക്കും നിരാശ. യാത്രക്കാരുടെ എണ്ണത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമ്യത് ഭാരത് പദ്ധതിയിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർക്കും റെയിൽവെ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും . .ഇത് സംബന്ധിച്ച് സൂചനകൾ ഒന്നുമില്ലെന്നും ആറ് മാസത്തിനുള്ളിൽ പ്രഖ്യാപനങ്ങൾ ഒന്നുമുണ്ടായില്ലെങ്കിൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ വ്യക്തമാക്കുന്നുണ്ട്. 2023 മാർച്ചിൽ കല്ലേറ്റുംകരയിൽ ഉള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ കോഫി ഷോപ്പിനായി ഉടൻ ടെണ്ടർ വിളിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വർഷം ഒന്ന് പിന്നിട്ടിട്ടും ഈ പ്രഖ്യാപനങ്ങളിലും തുടർ നടപടികൾ ഉണ്ടായില്ല. ഒന്നരക്കോടി മാത്രം വാർഷിക വരുമാനമുള്ള വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ വരെ അമൃത് പദ്ധതിയിൽ ഇടം പിടിച്ചപ്പോൾ ആറ് കോടി വരുമാനമുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് മാറി മാറി വരുന്ന ജനപ്രതിനിധികളിൽ നിന്നും അവഗണ തന്നെയാണെന്ന് യാത്രക്കാർ വിമർശിക്കുന്നുണ്ട്. കോവിഡ് കാലഘട്ടത്തിൽ നിറുത്തലാക്കിയ അഞ്ച് തീവണ്ടികളുടെ സ്റ്റോപ്പുകൾ പുനസ്ഥാപിക്കൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.