തദ്ദേശസ്ഥാപനത്തിൻ്റെയും സാമൂഹ്യ നീതി വകുപ്പിൻ്റെയും ഇടപെടൽ; നാല് വർഷത്തോളം കിടപ്പിലായിരുന്ന പടിയൂർ സ്വദേശിക്ക് പുനരധിവാസ കേന്ദ്രത്തിൽ സംരക്ഷണമായി…

തദ്ദേശസ്ഥാപനത്തിൻ്റെയും സാമൂഹ്യ നീതി വകുപ്പിൻ്റെയും ഇടപെടൽ; നാല് വർഷത്തോളം കിടപ്പിലായിരുന്ന പടിയൂർ സ്വദേശിക്ക് പുനരധിവാസ കേന്ദ്രത്തിൽ സംരക്ഷണമായി..

ഇരിങ്ങാലക്കുട : കിടപ്പ് രോഗിക്ക് സംരക്ഷണവുമായി തദ്ദേശസ്ഥാപനവും സാമൂഹ്യനീതി വകുപ്പും . പടിയൂർ ആലുക്കപ്പറമ്പിൽ പരേതനായ എതലൻ മകൻ പ്രദീപനാണ് (54 വയസ്സ്) ഭരണകൂടം ആശ്രയമാകുന്നത്. തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ പ്രദീപ് നാലു വർഷമായി കിടപ്പിലാണ് . പ്രദീപിൻ്റെ ഭാര്യ ട്രെയിൻ തട്ടിയും മകൻ പാമ്പ് കടിയേറ്റും നേരത്തെ മരണമടഞ്ഞതാണ്. 2020ലാണ് പ്രദീപന് അപകടം സംഭവിച്ചത്.75 കാരിയായ അമ്മ അമ്മിണിയുടെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ പിന്നിട്ടത്. തൻ്റെ നിസ്സഹായതകൾ പഞ്ചായത്തിലെ പാലീയേറ്റീവ് പ്രവർത്തകയോട് അമ്മ അമ്മിണി അറിയിച്ചതിനെ തുടർന്ന് പടിയൂർ പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെടുകയായിരുന്നു. പുനരധിവാസ കേന്ദ്രമായ പൊറത്തിശ്ശേരി അഭയ ഭവനിലേക്ക് മാറ്റാൻ ധാരണയായെങ്കിലും ആധാർ ഉൾപ്പെടെയുള്ള രേഖകളുടെ അഭാവത്തിൽ നീളുകയായിരുന്നു. വിഷയത്തിൽ ഇടപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നിർദ്ദേശത്തെ തുടർന്ന് പ്രദീപിനെ അഭയഭവനിലേക്ക് ചൊവ്വാഴ്ച പതിനൊന്ന് മണിയോടെ മാറ്റുകയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ലിജി രതീഷ്, ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ , സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥ ദിവ്യ അബീഷ് എന്നിവർ അമ്മ അമ്മിണിയോടൊപ്പം അഭയഭവനിൽ എത്തിയിരുന്നു.

Please follow and like us: