ഠാണാ- ചന്തക്കുന്ന് വികസനം; പദ്ധതി യാഥാർഥ്യമാകുന്നതിൽ സന്തോഷമെന്നും എന്നാൽ നാൾവഴികൾ വിസ്മരിക്കരുതെന്നും 2016 ന് മുൻപുള്ള കാര്യങ്ങൾ ഒഴിവാക്കുന്ന സമീപനം ഖേദകരമെന്നും മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ…
ഇരിങ്ങാലക്കുട : ഠാണാ-ചന്തക്കുന്ന് വികസനം യാഥാർഥ്യമാകുന്നതിൽ സന്തോഷമെന്നും എന്നാൾ നാൾവഴികൾ വിസ്മരിക്കരുതെന്നും മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ. താൻ എംഎൽഎ ആയിരിക്കെ 2013 – 14 വർഷത്തെ ബജറ്റിലാണ് ഠാണാ-ചന്തക്കുന്ന് വികസന പദ്ധതി പ്രഖ്യാപിച്ചത്. 11 കോടി രൂപയാണ് ഇതിനായി ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ചത്. വികസന പ്രവർത്തനങ്ങൾക്ക് 3 കോടി രൂപയുടെ ഭരണാനുമതി 2014 ഫെബ്രുവരി 11 നും സ്ഥലമേറ്റെടുക്കുന്നതിന് 8 കോടി രൂപയുടെ ഭരണാനുമതി 2015 സെപ്തംബർ 8 നും ലഭിച്ചു. സാങ്കേതികാനുമതി 2015 ഡിസംബർ 26 നും ലഭിച്ചു. എറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിച്ച് തഹസിൽദാർ സർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതെല്ലാം വസ്തുതകൾ ആണെന്നിരിക്കേ കഴിഞ്ഞ ദിവസം പദ്ധതിയുടെ ഭാഗമായി നടന്ന വേദിയിൽ ഒന്നും പരാമർശിക്കാതിരുന്നത് ഖേദകരമായിപ്പോയി. ആരാണ് പദ്ധതിക്ക് മുൻകൈ എടുത്തത് എന്ന് ചടങ്ങിൽ വ്യക്തമാക്കിയില്ല. 2016 ന് മുൻപുള്ള കാര്യങ്ങൾ മറക്കാൻ കഴിയില്ല. പദ്ധതി ഉള്ളത് കൊണ്ടാണ് തൻ്റെ കാലഘട്ടത്തിൽ തുക അനുവദിച്ചത്. മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ്റെ പ്രകടനപത്രികയിൽ ആറ് മാസം കൊണ്ട് ഠാണാ-ചന്തക്കുന്ന് വികസന പദ്ധതി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചതും പദ്ധതി ഉള്ളത് കൊണ്ട് തന്നെയാണ്. ഗേൾസ് ഹൈസ്കൂൾ കെട്ടിടത്തിൻ്റെയും കോർട്ട് കോംപ്ലക്സിൻ്റെയും താലൂക്ക് ആശുപത്രി വികസനത്തിൻ്റെയും കാര്യത്തിൽ ഇതേ സമീപനമാണ് ദൃശ്യമാകുന്നത്. തൻ്റെ കാലഘട്ടത്തിൽ നടന്ന സിവിൽ സ്റ്റേഷൻ കെട്ടിട ഉദ്ഘാടന ചടങ്ങിൽ മുൻ എംഎൽഎ ലോനപ്പൻ നമ്പാടൻ മാസ്റ്റരെ വിളിച്ച് ആദരിച്ചിരുന്നു. സഹകരണത്തിൻ്റെ സാസ്കാരമാണ് ഇരിങ്ങാലക്കുടയ്ക്ക് ഉള്ളത്. ഇതൊന്നും മനപൂർവമാണെന്ന് വിചാരിക്കുന്നില്ലെന്നും ഒൻപത് വർഷം കഴിഞ്ഞിട്ടാണെങ്കിലും കാലാനുസൃതമായ മാറ്റങ്ങളോടെ പദ്ധതി നടപ്പിലാക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാവിധ പിന്തുണയും നൽകുകയാണെന്നും അഡ്വ തോമസ് ഉണ്ണിയാടൻ അറിയിച്ചു.