നാലമ്പലദർശനം; ഒരുക്കങ്ങൾ പൂർത്തിയായതായി കൂടൽമാണിക്യം ദേവസ്വം; പ്രാസാദ് പദ്ധതിയിലേക്ക് 71 കോടി രൂപയുടെ പദ്ധതി രേഖ വിനോദസഞ്ചാരവകുപ്പിന് നൽകിക്കഴിഞ്ഞതായും ദേവസ്വം അധികൃതർ….
ഇരിങ്ങാലക്കുട : 2024 ലെ നാലമ്പലദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ശ്രീ കൂടൽമാണിക്യം ദേവസ്വം. ഭക്തജനങ്ങൾക്ക് മഴയും വെയിലുമേല്ക്കാതെ വരി നിൽക്കുന്നതിന് കിഴക്കേ ഗോപുരത്തിന് മുൻഭാഗം കുട്ടംകുളം വരെയും പന്തലും ക്ഷേത്രമതിൽക്കകത്ത് വരിയിൽ നിൽക്കുന്നവർക്ക് ഇരിപ്പിട സൗകര്യവും ആവശ്യാനുസരണം കുടിവെള്ളം, ഭക്ഷണം, ചുക്കുകാപ്പി വിതരണം, വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൊട്ടിലാക്കൽ മൈതാനം, മണിമാളിക സ്ഥിതി ചെയ്തിരുന്ന സ്ഥലം, കെഎസ്ആർടിസി സ്റ്റാൻ്റ് , പാർക്കിംഗ് ഗ്രൗണ്ടിൽ ടോയ്ലറ്റ് സൗകര്യം, പ്രത്യേക വഴിപാടായി നെയ്യ് സമർപ്പണം , പ്രത്യേക വഴിപാട് കൗണ്ടറുകൾ എന്നിവ ക്രമീകരിച്ചിട്ടുള്ളതായി ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
കുട്ടംകുളം നവീകരണത്തിനായി നാല് കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ഇടപെടലുകളെ തുടർന്ന് അനുവദിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി തന്നെ ആരംഭിക്കണമെന്ന് പൊതുമരാമത്ത് വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച് ക്ഷേത്രത്തെ പ്രാസാദ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 71 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ അയച്ചിട്ടുണ്ട്. ഭരണസമിതി അംഗങ്ങളായ മുരളി ഹരിതം , അഡ്വ കെ ജി അജയകുമാർ, രാഘവൻ മുളങ്ങാടൻ, കെ ബിന്ദു എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.