ഹെവൻശ്രീ അംഗങ്ങളുടെ ശമ്പളം മുടങ്ങി; ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് മാലിന്യങ്ങളുമായി എത്തിയ വണ്ടികൾ തടഞ്ഞു; ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വിവിധ വാർഡുകളിൽ നിന്നുള്ള മാലിന്യനീക്കം സ്തംഭിച്ച നിലയിൽ….
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വിവിധ വാർഡുകളിൽ നിന്നായി മാലിന്യങ്ങൾ കൊണ്ട് ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് എത്തിയ വണ്ടികൾ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ഹെവൻശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞു. കഴിഞ്ഞ മാസത്തെ ശമ്പളം ഇത് വരെയായും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഹെവൻശ്രീ ഗ്രൂപ്പിലെ പതിനേഴോളം പേരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 7 മണി മുതൽ എത്തിതുടങ്ങിയ വണ്ടികൾ തടഞ്ഞത്. ഇതോടെ വിവിധ വാർഡുകളിൽ നഗരസഭയിലെ മാലിന്യനിക്ഷേപ കേന്ദ്രമായ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്കുള്ള മാലിന്യനീക്കം സ്തംഭിച്ചു. ഹെവൻശ്രീ ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഈടാക്കുന്ന യൂസർ ഫീയെ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള കൺസോർഷ്യത്തിൽ നിന്നും ശമ്പളം നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ യോഗത്തിൽ തീരുമാനിച്ചതായി ചെയർമാൻ അറിയിച്ചിരുന്നു. അജണ്ടയിൽ ഇല്ലാത്ത വിഷയം നിശ്ചിത ചർച്ചകൾക്കൊടുവിലാണ് എടുത്തത്. എന്നാൽ എൽഡിഎഫും ബിജെപി യും തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നുമാണ് തങ്ങൾക്ക് ശമ്പളം നൽകി വന്നിരുതെന്ന് ഹെവൻശ്രീ അംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഓഡിറ്റ് പരാമർശങ്ങളും തനത് ഫണ്ടിൽ നിന്നും നൽകരുതെന്ന സർക്കാർ ഉത്തരവുമാണ് ഭരണനേത്യത്വം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കൺസോർഷ്യത്തിൽ നിന്നും ഹെവൻശ്രീ അംഗങ്ങൾക്ക് ശമ്പളം നൽകുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നവരുടെ സംഘം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയിരുന്നു. വിഷയം പരിഹരിക്കണമെന്നും ഹെവൻശ്രീ അംഗങ്ങൾക്ക് തനത് ഫണ്ടിൽ നിന്ന് കഴിഞ്ഞ മാസത്തെ ശമ്പളം നൽകണമെന്നും വാർഡ് കൗൺസിലർ അഡ്വ ജിഷ ജോബി ആവശ്യപ്പെട്ടു.