നാലമ്പല ദർശനം; കൂടൽമാണിക്യ ക്ഷേത്രത്തിൽ ആയിരം രൂപയുടെ നെയ്‌വിളക്ക് ദർശന വഴിപാട് ചെയ്യുന്നവർക്ക് വരിയിൽ നില്ക്കാതെ ദർശനം നടത്താനുള്ള സൗകര്യം; വിമർശനവുമായി മുൻ ദേവസ്വം ചെയർമാൻ;തീരുമാനം തീർഥാടകരുടെ അഭ്യർഥന മാനിച്ചെന്ന് വിശദീകരിച്ച് ദേവസ്വം അധികൃതർ….
ഇരിങ്ങാലക്കുട : നാലമ്പലദർശനത്തോടനുബന്ധിച്ച് കൂടൽമാണിക്യക്ഷേത്രത്തിൽ ഭക്തജനങ്ങളിൽ നിന്നും ആയിരം രൂപ ഈടാക്കി പ്രത്യേക ക്യൂ സംവിധാനം എർപ്പെടുത്തുന്നതായി വിമർശനം. പ്രത്യേക ക്യൂ സംവിധാനം വിവേചനപരമാണെന്നും എല്ലാവർക്കും കാലതാമസം കൂടാതെ ദർശനം നടത്തി മടക്കാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ഈ സംവിധാനം ഇല്ലെന്നും തീരുമാനം പിൻവലിക്കണമെന്നും ദേവസ്വം മുൻചെയർമാൻ പ്രദീപ്മേനോൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ദേവസ്വം ഭരണസമിതിക്കും അഡ്മിനിസ്ട്രേറ്റർക്കും മുൻചെയർമാൻ നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ വിമർശനത്തിൽ കഴമ്പില്ലെന്നും തീർഥാടകരുടെ അഭ്യർഥന പ്രകാരം നെയ്‌വിളക്ക് ദർശനം എന്ന പേരിൽ ആയിരം രൂപ ഈടാക്കി രണ്ട് പേർക്ക് വരിയിൽ നില്ക്കാതെ ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിന് പ്രത്യേക പ്രചരണങ്ങൾ ഒന്നും നൽകുന്നില്ലെന്നും വരുമാനം ലക്ഷ്യമാക്കിയുള്ള നടപടിയല്ലെന്നും ദേവസ്വം അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ മാസം 30 ന് ചേർന്ന ഭരണസമിതി യോഗമാണ് നെയ്‌വിളക്ക് ദർശനം എന്ന പേരിൽ തീരുമാനം എടുത്തിട്ടുള്ളത്. തീരുമാനം പിൻവലിക്കില്ലെന്നാണ് ദേവസ്വം അധികൃതർ നൽകുന്ന സൂചന.