ഋതു പരിസ്ഥിതി ചലച്ചിത്രമേള; ശ്രദ്ധ നേടി രഞ്ജിത്ത് മാധവൻ്റെ ചിത്രപരമ്പര; പുഴകളുടെ മുഖഭാവങ്ങൾ തേടിയുള്ള യാത്രകൾക്കായി പിന്നിട്ടത് പതിനെട്ട് സംസ്ഥാനങ്ങൾ ….
ഇരിങ്ങാലക്കുട : പതിനെട്ട് സംസ്ഥാനങ്ങൾ . ഇരുപത് നദികൾ. മൂന്ന് വർഷം നീണ്ട യാത്രകൾ. പിറന്ന് വീണത് പുഴയുടെ മനുഷ്യ ഭാവങ്ങൾ ആവിഷ്ക്കരിച്ച അപൂർവമായ ചിത്രപരമ്പര . ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ വനം വകുപ്പ്, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ഋതു പരിസ്ഥിതി ചലച്ചിത്രമേളയുടെ ഭാഗമായി ഒരുക്കിയ ട്രാൻസിയൻസ് എന്ന പേരിലുള്ള ചിത്രപരമ്പരയിലേതാണ് അപൂർവകാഴ്ചകൾ . തൃശ്ശൂർ ചാലക്കുടി സ്വദേശിയായ രഞ്ജിത്ത് മാധവനാണ് ജലരാശിയിൽ ഇളകി മറയുന്ന നിഴലിൻ്റെ നിറഭേദങ്ങൾ ക്യാമറയിൽ പകർത്തിയത്. ഗംഗ, ബ്രഹ്മപുത്ര, യമുന, നർമ്മദ, അളകനന്ദ , ഭാഗീരഥി, കൃഷ്ണ , കാവേരി, കമ്പനി, പെരിയാർ, മയ്യഴി തുടങ്ങിയ നദീ തീരങ്ങളിലൂടെയുള്ള നീണ്ട യാത്രകൾ ഒടുങ്ങാത്ത വിസ്മയമാണ് സമ്മാനിച്ചതെന്ന് പ്രാദേശിക പത്രപ്രവർത്തകനായും യാത്രികനുമായുമൊക്കെ നിറഞ്ഞ് നിന്ന രഞ്ജിത്ത് മാധവൻ പറയുന്നു. ദൽഹി,മുബൈ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങൾക്ക് ശേഷമുള്ള അഞ്ചാമത്തെ പ്രദർശനമാണ് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലേത്. ചിത്രങ്ങളും വിവരണങ്ങളുമായുള്ള കോഫി ടേബിൾ ബുക്ക് ഇറക്കാനുള്ള ശ്രമത്തിലാണ് രഞ്ജിത്ത് ഇപ്പോൾ. ചാലക്കുടി വി ആർ പുരം പള്ളത്ത് വീട്ടിൽ പരേതനായ മാധവൻ്റെയും ശ്രീദേവിയുടെയും മകനാണ്. കോളേജ് റിസർച്ച് ഹാളിൽ നടന്ന ചടങ്ങിൽ ചിത്രകാരി കവിത ബാലകൃഷ്ണൻ ചിത്ര പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.