പട്ടണഹൃദയത്തിൽ കഴിഞ്ഞ മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതോളം ഡെങ്കിപ്പനി കേസുകൾ; ജാഗ്രത പാലിക്കാനും മെയ് 25, 26 തീയതികളിൽ ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഡ്രൈ ഡേ ആചരിക്കാനും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ തീരുമാനം…

പട്ടണഹൃദയത്തിൽ കഴിഞ്ഞ മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതോളം ഡെങ്കിപ്പനി കേസുകൾ; ജാഗ്രത പാലിക്കാനും മെയ് 25, 26 തീയതികളിൽ ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഡ്രൈ ഡേ ആചരിക്കാനും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ തീരുമാനം…

 

ഇരിങ്ങാലക്കുട : പട്ടണഹൃദയത്തിൽ കഴിഞ്ഞ മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതോളം ഡെങ്കി പനി കേസുകൾ. ബസ് സ്റ്റാൻ്റ് പരിസരത്തുള്ള എക്സൈസ് ഓഫീസ്, ഒരു വ്യാപാര സ്ഥാപനം, ഒരു വിദ്യാഭ്യാസ കേന്ദ്രം എന്നിവടങ്ങളിലെ ഇരുപതോളം പേരെയാണ് ഡെങ്കി ബാധിച്ചതെന്നും ഫോഗിംഗ് ഉൾപ്പെടെയുള്ള ശുചീകരണ പ്രവൃത്തികളിലൂടെ കൂടുതൽ കേസുകൾ ഒഴിവാക്കിയതായും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത യോഗത്തിൽ നഗരസഭ അധികൃതർ വിശദീകരിച്ചു. സർക്കാർ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ വിവിധ സ്ഥാപനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും കാനകളുടെ ശുചീകരണം പൂർത്തിയായതായും തോടുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞതായും ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വർധിച്ച് വരുന്ന സാഹചര്യത്തിൽ പരിസരങ്ങൾ വ്യത്തിയാക്കി സൂക്ഷിക്കാനും കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ജാഗ്രത പാലിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ആവശ്യപ്പെട്ടു.

2023-24 വർഷത്തിൽ പകർച്ചവ്യാധികളെ തുടർന്നുള്ള മരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും മലേറിയയുടെ രണ്ട് കേസുകളാണ് ഉണ്ടായിട്ടുള്ളതെന്നും എക്സൈസ് ഓഫീസ്, അടുത്തുള്ള ട്രെയിനിംഗ് സെന്റർ എന്നിവടങ്ങളിൽ കാട് പിടിച്ച് കിടക്കുന്ന സാഹചര്യവും വെള്ളക്കെട്ടും ഉണ്ടെന്ന് ബോധ്യമായതായും ജീവനക്കാർക്ക് തന്നെയാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ശിവദാസ് ചർച്ചയിൽ പങ്കെടുത്ത് വിശദീകരിച്ചു. നഗരസഭ പരിധിയിലെ വലിയ തോടുകൾ വൃത്തിയാക്കാൻ പതിനേഴ് ലക്ഷം രൂപയുടെ ടെണ്ടർ നടപടികൾ ആയിട്ടുണ്ടെന്ന് നഗരസഭ എഞ്ചിനീയർ സന്തോഷ്കുമാർ അറിയിച്ചു. സ്കൂളുകളിൽ പാചകതൊഴിലാളികൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കണമെന്നും മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്കൂളിൽ ഉണ്ടാകേണ്ടതുണ്ടെന്നും കിണറുകൾ ക്ലോറിനേറ്റ് ചെയ്യണമെന്നും നഗരസഭ ഹെൽത്ത് സൂപ്രവൈസർ കെ ജി അനിൽ ആവശ്യപ്പെട്ടു. മെയ് 25, 26 തീയതികളിൽ സ്ഥാപനങ്ങളിലും വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ യോഗം തീരുമാനിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി സി ഷിബിൻ, ജയ്സൻ പാറേക്കാടൻ, എഇഒ എം സി നിഷ,റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, ഫയർ, പിഡബ്ല്യൂ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Please follow and like us: