ഇരിങ്ങാലക്കുട നഗരസഭ മന്ദിരത്തിൻ്റെ കോംപൗണ്ടിന് ചുറ്റും മതിൽ നിർമ്മിക്കുന്നതിൽ പ്രതിഷേധവുമായി പ്രതിപക്ഷം; മഴക്കാലപൂർവ ശുചീകരണ പ്രവ്യത്തികൾ ആരംഭിക്കാനും നഗരയോഗത്തിൽ തീരുമാനം

ഇരിങ്ങാലക്കുട നഗരസഭ മന്ദിരത്തിൻ്റെ കോംപൗണ്ടിന് ചുറ്റും മതിൽ നിർമ്മിക്കുന്നതിൽ പ്രതിഷേധവുമായി പ്രതിപക്ഷം; മഴക്കാലപൂർവ ശുചീകരണ പ്രവ്യത്തികൾ ആരംഭിക്കാനും നഗരയോഗത്തിൽ തീരുമാനം

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് കോമ്പൗണ്ടിന് ചുറ്റും മതിൽ നിർമ്മിക്കാനും ഗേറ്റ് സ്ഥാപിക്കാനുള്ള നഗരസഭ അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. നിശ്ചിത അജണ്ടകൾക്കിടയിൽ ബിജെപി അംഗം സന്തോഷ് ബോബനാണ് വിഷയം ഉന്നയിച്ചത്. മതിൽ നിർമ്മാണത്തിൻ്റെ ലക്ഷ്യം വിശദീകരിക്കണമെന്നും നഗരസഭ മന്ദിര നിർമ്മാണം തന്നെ നിയമവിരുദ്ധമായിട്ടാണ് നടന്നതെന്നും കെട്ടിടത്തിന് എങ്ങനെയാണ് നമ്പർ ഇട്ട് കിട്ടിയതെന്നും കെട്ടിടത്തിൻ്റെ പ്ലാൻ ഹാജരാക്കിയിട്ട് മതി ഗേയ്റ്റ് നിർമ്മാണമെന്നും സന്തോഷ് ബോബൻ പറഞ്ഞു. നഗരസഭയുടെ വണ്ടികളുടെ പാർക്കിംഗും രാത്രി സമയത്തെ സുരക്ഷിതത്വവും കണക്കിലെടുത്ത് ദുർബലമായ മതിൽ പൊളിച്ച് പണിയുക മാത്രമാണെന്നും രണ്ട് റോഡും അടച്ചു കൊണ്ടുള്ള ഗേറ്റ് അല്ലെന്നും ചെയർ പേഴ്സൺ വിശദീകരിച്ചു. നഗരസഭ ഒരു പൊതുസ്ഥാപനമാണെന്നും പാർക്കിംഗ് എരിയ കാലങ്ങളായി ജനങ്ങൾ ഉപയോഗിച്ച് വരികയാണെന്നും അടച്ച് പൂട്ടാനുള്ള തീരുമാനം നഗരസഭക്ക് മാത്രമായി എടുക്കാൻ കഴിയില്ലെന്നും എൽഡിഎഫ് അംഗം അഡ്വ കെ ആർ വിജയയും പറഞ്ഞു ഗേറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പിന്നീട് ചർച്ച ചെയ്യാമെന്ന് ചെയർപേഴ്സൺ തുടർന്ന് അറിയിച്ചു.

മഴക്കാലപൂർവ ശുചീകരണ പ്രവ്യത്തികളുടെ ഭാഗമായി തോടുകൾ വൃത്തിയാക്കാനും ജൂൺ 1 വരെ ഇലക്ഷൻ പ്രോട്ടോക്കോൾ നിലനില്ക്കുന്ന സാഹചര്യത്തിൽ ടെണ്ടർ നടപടികൾക്കായി ജില്ലാ ഭരണകൂടത്തിൻ്റെ അനുമതി തേടാനും യോഗം തീരുമാനിച്ചു. ഉദ്ഘാടനം നടത്തിയ ഷീ ലോഡ്ജിൻ്റെ ബൈലോ നിർമ്മാണത്തിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നഗരസഭയുടെ നിയമോപദേശകനായ അഡ്വ ചന്ദ്രൻ പിള്ളക്ക് കഴിഞ്ഞ മൂന്ന് വർഷത്തെ ഫീസ് നൽകുന്നത് സംബന്ധിച്ച അജണ്ടയിൽ ഭിന്നാഭിപ്രായം ഉയർന്നു. നഗരസഭയുടെ താൽപ്പര്യങ്ങൾക്ക് എതിരായിട്ടാണ് അഡ്വ ചന്ദ്രൻ പിള്ള പ്രവർത്തിച്ചിട്ടുള്ളതെന്നും നഗരസഭക്ക് 90 ലക്ഷം പിഴയായി കിട്ടിയ വിഷയത്തിൽ നഗരസഭക്ക് എതിരായിരുന്നുവെന്നും സന്തോഷ് ബോബൻ പറഞ്ഞു. ചന്ദ്രൻ പിള്ളയെ മാറ്റണമെന്ന് എൽഡിഎഫ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്ന് കെ ആർ വിജയയും പറഞ്ഞു. 2023 മാർച്ച് 23 വരെയുള്ള ഫീസ് അഭിഭാഷകന് നൽകാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.

Please follow and like us: