ലോക്സഭാ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂർത്തിയായി..
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിലേക്കുള്ള വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ വിതരണം പന്ത്രണ്ട് മണിയോടെ പൂർത്തിയായി. രാവിലെ എട്ട് മണിയോടെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നിന്നും കോളേജിലെ എംജി ബ്ലോക്കിൽ നിന്നുമായിട്ടാണ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ എത്തി ഇ.വി.എം- വിവിപാറ്റ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൈപ്പറ്റാൻ ആരംഭിച്ചത്. നാല് പോളിംഗ് ഉദ്യോഗസ്ഥരും റൂട്ട് ഓഫീസറും പോലീസ് ഉദ്യോഗസ്ഥനും അടങ്ങുന്ന ടീമിനെ ബൂത്തുകളിലേക്ക് എത്തിക്കാൻ 90 വണ്ടികളും ഒരുക്കിയിരുന്നു. തയ്യാറാക്കിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ്, വോട്ടേഴ്സ് രജിസ്റ്റര്‍, വോട്ടേഴ്സ് സ്ലിപ്പ്, വോട്ടര്‍ പട്ടികകള്‍, മഷി, സീലുകള്‍, സൂചനാ ബോര്‍ഡുകള്‍, സ്റ്റേഷനറികള്‍ തുടങ്ങിയവയാണ് ഓരോ പോളിങ് ബൂത്തിലേക്കും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. ഏറ്റുവാങ്ങിയ സാമഗ്രികള്‍ ചെക്ക് ലിസ്റ്റുമായി ഒത്തുനോക്കിയ ശേഷം ജി.പി.എസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളിലാണ് പോളിങ് ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിച്ചത്. രാവിലെ ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് ഒപ്പ് രേഖപ്പെടുത്താൻ ആവശ്യത്തിന് കൗണ്ടറുകൾ ഇല്ലാതിരുന്നത് നീണ്ട വരി രൂപപ്പെടുന്നതിനും പരാതികൾക്കും കാരണമായി. ഒരു ഘട്ടത്തിൽ വരി കാൻ്റീൻ വരെ നീളുകയും ചെയ്തു. തുടർന്ന് കൂടുതൽ കൗണ്ടറുകൾ ഇട്ടാണ് വിഷയം പരിഹരിച്ചത്.